ADVERTISEMENT

പത്തനംതിട്ട ∙ കാസർകോട്–തിരുവനന്തപുരം റൂട്ടിൽ രണ്ടാമത്തെ വന്ദേഭാരത് ഇന്നു ഓടിത്തുടങ്ങുമ്പോൾ കണ്ടു നിൽക്കാനാണു പത്തനംതിട്ട ജില്ലക്കാരുടെ വിധി. കോട്ടയം വഴിയുള്ള ആദ്യ വന്ദേഭാരതിനു പിന്നാലെ ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരതിനും ജില്ലയുടെ പരിസരത്ത് എവിടെയും സ്റ്റോപ്പില്ല. ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരതിന്റെ റൂട്ടിൽ പത്തനംതിട്ടക്കാർക്ക് അടുത്തുള്ള സ്റ്റേഷൻ കായംകുളമാണ്. എന്നാൽ ഇവിടെ ട്രെയിനിന് സ്റ്റോപ്പില്ല.

കോട്ടയം വഴിയുള്ള വന്ദേഭാരതിന് ജില്ലയിലെ ഏക സ്റ്റേഷനായ തിരുവല്ലയിലോ, ജില്ലയിലുള്ളവർ ഏറെ ആശ്രയിക്കുന്ന ചെങ്ങന്നൂർ, കായംകുളം സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതു യാത്രക്കാരെ വലയ്ക്കുകയാണ്. കോട്ടയത്തോ കൊല്ലത്തോ പോയി വന്ദേഭാരതിൽ കയറേണ്ട സ്ഥിതിയാണ്. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും ജില്ലയിൽ നിന്നുള്ള ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്ന സ്റ്റേഷനാണു ചെങ്ങന്നൂർ.

ആലപ്പുഴ വഴി പോകുന്ന ട്രെയിനുകളിൽ കയറാൻ കായംകുളത്തു പോകുന്നവരും ഏറെ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കലഞ്ഞൂർ, പുനലൂർ ഭാഗത്തുള്ളവരും ചെങ്ങന്നൂരിൽ നിന്നു ട്രെയിൻ കയറുന്നുണ്ട്. ശബരിമലയുടെ പ്രവേശനകവാടമെന്ന നിലയിൽ ആദ്യ വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ലഭിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടായിട്ടും സ്റ്റോപ്പ് ലഭിച്ചില്ല. 

റെയിൽവേ സ്റ്റേഷനുകളുടെ വരുമാനത്തിന്റെ ഏതു പട്ടികയെടുത്താലും ആദ്യ പത്തിൽ  വരുന്ന സ്റ്റേഷനുകളാണ് െചങ്ങന്നൂരും കായംകുളവും. 2022–23 കാലയളവിൽ ചെങ്ങന്നൂർ സ്റ്റേഷനിലെ വരുമാനം 54 കോടി രൂപയും കായംകുളം സ്റ്റേഷനിലെ വരുമാനം 50 കോടിയുമാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കാണു 2 സ്റ്റേഷനുകളിലേയും വരുമാനത്തിന്റെ അടിത്തറ. വന്ദേഭാരതിന് സ്റ്റോപ്പുള്ള മറ്റു ചില സ്റ്റേഷനുകളിലെ വരുമാനം ഈ സ്റ്റേഷനുകളേക്കാൾ കുറവാണ്.

2 വന്ദേഭാരതിനും സ്റ്റോപ്പുള്ള ഷൊർണൂരിലെ വരുമാനം 52 കോടിയും കാസർകോട്ടെ വരുമാനം 33 കോടിയുമാണ്. ഇത്തവണ സ്റ്റോപ്പ് ലഭിച്ച ആലപ്പുഴയിലും തിരൂരിലും 29 കോടി രൂപ വീതമാണു വരുമാനം.  മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ് ആവശ്യപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപിയും ബിജെപി ജില്ലാ കമ്മിറ്റിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു.

തുടർന്ന് സ്റ്റോപ്പ് അനുവദിച്ചു. വന്ദേഭാരത് പോലെയുള്ള പ്രീമിയം ട്രെയിനിന് അടുത്തുള്ള 2 സ്റ്റേഷനുകളിൽ സ്റ്റോപ്പ് ലഭിക്കില്ലെന്നിരിക്കെ പരസ്പരം പോരടിക്കാതെ സംഘടനകൾ ഒരുമിച്ചു നിന്ന് ഏതെങ്കിലും  ഒരു സ്റ്റോപ്പിനായി സമർദം െചലുത്തണമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

സർവീസ് ഇന്നു മുതൽ
തിരുവനന്തപുരം ∙ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സർ‌വീസ് തിരുവനന്തപുരത്തു നിന്ന് ഇന്ന് വൈകിട്ട് 4.05ന്. കാസർകോട്ടെ സർവീസ് നാളെ രാവിലെ 7ന്. 7 എസി ചെയർ കാറുകളും ഒരു എക്സിക്യൂട്ടീവ് കോച്ചും ഉൾപ്പെടെ 530 സീറ്റുകളാണുള്ളത്. അമ്പലപ്പുഴ മുതൽ എറണാകുളം വരെ ഒറ്റവരിപ്പാതയിലെ ഏതാനും സർവീസുകളുടെ സമയത്തെ വന്ദേഭാരതിന്റെ ഓട്ടം ബാധിക്കും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഒക്ടോബർ ഒന്നിനു പുറത്തിറങ്ങുന്ന പുതിയ ക്രമത്തിൽ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെയുള്ളവയുടെ സമയത്തിൽ മാറ്റമുണ്ടാകും.ഒരേ റൂട്ടിൽ രണ്ടുദിശയിൽ വന്ദേഭാരത് സർവീസുള്ള ആദ്യ സംസ്ഥാനമാണു കേരളം. രാവിലെ പുറപ്പെടുന്ന ട്രെയിനുകൾ ഷൊർണൂരിലും ഉച്ചയ്ക്കു ശേഷമുള്ളവ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലും കണ്ടുമുട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT