പകരം എത്തിയ ഫാർമസിസ്റ്റും ‘ലീവിൽ’; മരുന്നുനൽകാൻ മരുന്നിനുപോലും ആളില്ല!

Mail This Article
ഇലന്തൂർ∙ പകരം എത്തിയ ഫാർമസിസ്റ്റും അവധി എടുത്തു പോയതോടെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്കു മരുന്നു എടുത്തു നൽകാൻ ആളില്ല. ഇലന്തൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ആശുപത്രിയാണിത്. പ്രതിദിനം 120 മുതൽ 140 വരെ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. 7 മാസമായി ഇവിടെ ഫാർമസിസ്റ്റ് ഇല്ലാതായിട്ട്. പഞ്ചായത്ത് കമ്മിറ്റി വിഷയം മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനു ശേഷം രണ്ടര മാസം മുൻപ് പകരം ഫാർമസിസ്റ്റ് എത്തി.
ഒരു മാസം ജോലി നോക്കിയ ശേഷം അവരും അവധിയെടുത്തു പോയി.ഇപ്പോൾ ഡോക്ടറോ നഴ്സോ കനിയണം രോഗികൾക്ക് മരുന്നു കിട്ടാൻ. ഇതുമൂലം മണിക്കൂറുകളാണ് രോഗികൾക്ക് കാത്തുനിൽക്കേണ്ടി വരുന്നത്. രോഗികളുടെ കഷ്ടപ്പാട് കണ്ട് കഴിഞ്ഞ ദിവസം ഡോക്ടർ തന്നെ ഫാർമസിയിൽ എത്തി രോഗികൾക്ക് മരുന്ന് എടുത്തു കൊടുക്കേണ്ടി വന്നു. പഞ്ചായത്തിന്റെ പല മേഖലയിലും വൈറൽ പനി ഉണ്ട്.
അതിനാൽ ചികിത്സ തേടി ഓരോ ദിവസവും എത്തുന്ന രോഗികളുടെ എണ്ണം കൂടുകയാണ്. ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ മരുന്നിനു വേണ്ടിയാണ് രോഗികൾ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരുന്നത്. കാത്തുനിന്നു മടുക്കുന്ന ചിലർ ഡോക്ടറുടെ കുറിപ്പ് പുറത്തു കൊടുത്താണ് മരുന്നു വാങ്ങുന്നത്. ഫാർമസിസ്റ്റ് ഇല്ലാത്ത വിവരം പലതവണ ഡിഎംഒയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഹാരം ഉണ്ടാക്കാൻ തയാറാകുന്നില്ലെന്നു പഞ്ചായത്ത് അംഗം കെ.പി.മുകുന്ദൻ പറഞ്ഞു.