കള്ളവോട്ട്: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഡിസിസി
Mail This Article
പത്തനംതിട്ട ∙ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി നടത്തിയ കള്ളവോട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. കള്ളവോട്ടിനു പൊലീസ് ഒത്താശ ചെയ്യുന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഇതിനുള്ള നിയമോപദേശം തേടിയിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഇതു സംബന്ധിച്ചു ഇന്ന് യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല സ്വദേശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ.എസ്.അമൽ, സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്എഫ്ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി അംഗം ജോയേഷ് പോത്തൻ അടക്കമുള്ളവർ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിഡിയോ ദൃശ്യങ്ങളടക്കമാകും കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുക.
ഒക്ടോബർ 14നു നടക്കുന്ന പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ടും പൊലീസ് സംവിധാനമടക്കം ഉപയോഗിച്ചുള്ള സിപിഎം ഇടപെടലും വീണ്ടും ഉണ്ടാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. യുഡിഎഫാണ് വർഷങ്ങളായി പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്ക് ഭരിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടന്ന ആഹ്ലാദ പ്രകടനത്തിനുശേഷം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ നടത്തിയ പ്രസംഗം എൽഡിഎഫും ആയുധമാക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാൻ ഇവർക്കു മാത്രമല്ല തങ്ങൾക്കും അറിയാമെന്നു സുരേഷ്കുമാർ പ്രസംഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.