തകർന്നു തരിപ്പണമായി ദേശീയപാത
Mail This Article
തിരുവല്ല ∙ എംസി റോഡ് എന്ന മെയിൻ സെൻട്രൽ റോഡിനെ ദേശീയ പാതയാക്കി ഉയർത്തിയപ്പോൾ നിലവാരം പഞ്ചായത്ത് റോഡിനു തുല്യം. തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീണ്ട റോഡ് ആദ്യം എംസി റോഡിൽ നിന്നു ഒന്നാം നമ്പർ സംസ്ഥാന പാതയായി. അവിടെ നിന്നാണ് കൊല്ലം - തേനി ദേശീയപാത 183–ന്റെ ഭാഗമായത്. എംസി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെയാണ് ദേശീയപാതാ ഭാഗം. ഇതിൽ തിരുവല്ല ബൈപാസ് ഉൾപ്പെടില്ല. പകരം എംസി റോഡിന്റെ നഗരഭാഗമാണ് വരുന്നത്.
കൊല്ലം മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ദേശീയപാതാ വികസനം നടന്നെങ്കിലും അതിനുശേഷമുള്ള തിരുവല്ല വഴി കടന്നുപോകുന്ന ഭാഗത്ത് ഒരു നിർമാണവും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചെങ്ങന്നൂർ-കോട്ടയം ഭാഗം പുനരുദ്ധാരണത്തിന് 39 കോടി രൂപ അനുവദിച്ച് കരാറായെങ്കിലും കോടതി നടപടി വന്നതോടെ തുടങ്ങാൻ കഴിഞ്ഞില്ല. വീണ്ടും ടെൻഡർ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ജിഎസ്ടി 12 ൽ നിന്ന് 18 ശതമാനമാക്കിയത്. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കുന്നതിന് സമർപ്പിച്ചെങ്കിലും ഇതുവരെയും അനുമതി ലഭിച്ചില്ല.
ഇതിനിടയിൽ പന്നിക്കുഴി പാലത്തിന്റെ സമീപനപാത, ഇടിഞ്ഞില്ലത്ത് റോഡ് താഴ്ന്ന് അപകടവസ്ഥയിലായ ഭാഗം എന്നിവ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും അതിന്റെ പണിയും തുടങ്ങിയില്ല. നിലവിൽ റോഡിന്റെ ഈ രണ്ടു ഭാഗവും അപകടാവസ്ഥയിലാണ്. പന്നിക്കുഴി പാലത്തിന്റെ സമീപന പാത താഴ്ന്ന് ഒട്ടേറെ അപകടങ്ങൾ ഉണ്ടായപ്പോൾ ഇരുവശത്തും സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. സമീപന പാത താഴ്ന്ന ഭാഗത്ത് നിരപ്പാക്കിയെങ്കിലും താമസിയാതെ വീണ്ടും പഴയ പടിയായി. ഇപ്പോൾ ഇവിടെ വാഹനങ്ങൾ ഇറങ്ങിക്കയറേണ്ട സ്ഥിതിയിലാണ്.
രാത്രിയിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ ചാടുന്നതോടെ യാത്രക്കാർക്ക് തെറിച്ച് പരുക്കു പറ്റുന്നതും പതിവാണ്. ഇടിഞ്ഞില്ലത്ത് ഇരുവശവും പാടശേഖരമുള്ള ഭാഗത്ത് റോഡിന്റെ പകുതിഭാഗം ഒരടിയോളം താഴ്ന്ന സ്ഥലം വാഹനങ്ങൾ എപ്പോഴും അപകടത്തിൽപ്പെടുന്ന ഇടമാണ്. കഴിഞ്ഞ ദിവസം ഇവിടെ നിർത്തിയ കെഎസ്ആർടിസി ബസിൽ നിന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി വീണ് കാൽവിരലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയ സംഭവമുണ്ടായി.
എംസി റോഡിന്റെ 38 കിലോമീറ്റർ വരുന്ന ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയാണ് ദേശീയപാതയായി ഉൾപ്പെടുത്തിയതെങ്കിലും കുറെ ഭാഗങ്ങൾ ഇപ്പോഴും ദേശീയപാതയിലില്ല. ആഞ്ഞിലിമൂട് മുതൽ വേളാവൂർ ജംക്‌ഷൻ വരെ 3 കിലോമീറ്റർ കെഎസ്ടിപി കൊട്ടാരക്കര ഡിവിഷന്റെ കീഴിലാണ് ഇപ്പോൾ. 2022ൽ അവർ നിർമാണം നടത്തിയതിനാൽ ഇനി 5 വർഷം കഴിഞ്ഞേ ദേശീയപാതയ്ക്ക് കിട്ടുകയുള്ളൂ. തിരുവല്ലയിൽ ബൈപാസ് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്. 2 കിലോമീറ്റർ വരുന്ന തിരുവല്ലയിലെ നഗരഭാഗം ദേശീയപാതയുടെ ഭാഗമായെങ്കിലും 39 കോടി രൂപയുടെ പദ്ധതി തയാറാക്കിയശേഷമാണ് ദേശീയ പാതയ്ക്ക് കിട്ടിയത്.