ഒരു ലക്ഷം രൂപയുടെ വാഗ്ദാനം വേണ്ടെന്നു പറഞ്ഞു; യുവാവിന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി

Mail This Article
തിരുവല്ല ∙ ഓൺലൈൻ വായ്പ വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നു യുവാവിന്റെ പരാതി. തുകലശ്ശേരി കുന്നുംപുറത്ത് എസ്.അനിൽകുമാറാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. ബിസിനസുകാരനായ അനിൽകുമാർ ഓഗസ്റ്റ് 31നാണ് ഫെയ്സ്ബുക്കിൽനിന്ന് ഓൺലൈൻ വായ്പയുടെ ആപ് ഡൗൺലോഡ് ചെയ്തത്. ഇതിന് പിന്നാലെ 7 ദിവസത്തെ വായ്പ കാലാവധിയിൽ 9060 രൂപയുടെ വായ്പ സന്ദേശം ലഭിച്ചു. ഇതു സ്വീകരിച്ചതിനു പിന്നാലെ ഓൺലൈനായി അക്കൗണ്ടിൽ 4500 രൂപയെത്തി.
അഞ്ചാം ദിനം അനിൽകുമാർ പണം തിരികെ അടച്ചു. പിന്നാലെ 15,000 രൂപയുടെ അടുത്ത വാഗ്ദാനം എത്തി. ഇത് സ്വീകരിച്ച അനിലിന്റെ അക്കൗണ്ടിലേക്ക് വീണ്ടും 9000 രൂപ എത്തി. തുടർന്ന് 40,000 രൂപയുടെ വാഗ്ദാനവും എത്തി. ലഭിച്ച തുകയെല്ലാം അനിൽ കൃത്യസമയത്ത് തിരിച്ചടച്ചു. ഇതിനുശേഷം 24ന് ഒരുലക്ഷം രൂപയുടെ വാഗ്ദാനമെത്തി. കെണിയാണെന്നു മനസ്സിലാക്കിയ അനിൽകുമാർ വായ്പ വേണ്ടെന്നുപറഞ്ഞ് സന്ദേശം അയച്ചു. തുടർന്ന് ലോൺ ആപ്പും ഫോണിൽനിന്നു നീക്കം ചെയ്തു. ഇതിനു പിന്നാലെ രാത്രി 12 മണിയോടെ വാട്സാപ്പിൽ ഓൺലൈൻ മാഫിയയുടെ വിളിയെത്തി.
വായ്പത്തുക പൂർണമായും തിരിച്ചടച്ചിട്ടില്ലെന്നും ആപ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. ആപ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അക്കൗണ്ടിലേക്ക് 40000 രൂപകൂടി എത്തി. തന്നെ വിളിച്ച വാട്സാപ് നമ്പറിലേക്ക് വായ്പ ആവശ്യമില്ലെന്നും തുക തിരിച്ചെടുക്കണമെന്നും അനിൽകുമാർ മെസേജ് അയച്ചു. ഇതിനു പിന്നാലെയാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് അനിലിന്റെ നഗ്നചിത്രങ്ങളടക്കം പ്രചരിക്കപ്പെട്ടത്. തുടർന്ന് പത്തനംതിട്ട സൈബർ സെല്ലിൽ പരാതി നൽകി.