മല്ലപ്പള്ളി ടൗണിൽ ജലക്ഷാമം

Mail This Article
മല്ലപ്പള്ളി ∙ ടൗണിൽ മാർക്കറ്റും അതിനോട് ചേർന്നുള്ള പരിസരപ്രദേശങ്ങളിലും ഗാർഹിക ഉപഭോക്താക്കളും വ്യാപാരികളും രൂക്ഷമായ ജലക്ഷാമം നേരിടുന്നു. ഈ പ്രദേശങ്ങളിൽ വെള്ളം ലഭ്യമായിട്ട് 21 ദിവസം ആയി . ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പല തവണ സമീപവാസികൾ വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ മല്ലപ്പള്ളി ഓഫിസിൽ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സാങ്കേതിക തകരാർ ആണെന്നും ഉടൻ തന്നെ പരിഹാരമുണ്ടാക്കാം എന്നുമുള്ള വാക്ക് മാത്രമാണ് മറുപടിയെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
ജല അതോറിറ്റിയുടെ മല്ലപ്പള്ളിയിലെ ജലസംഭരണ കേന്ദ്രത്തിൽ നിറയെ വെള്ളം ഉള്ളപ്പോഴാണ് പൊതുജനങ്ങൾ വിലകൊടുത്ത് സ്വകാര്യ ജലവിതരണക്കാരിൽ നിന്ന് വെള്ളം വാങ്ങുന്നത്. മല്ലപ്പള്ളി പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും പൈപ്പ് പൊട്ടി ധാരാളമായി ജലം പാഴായി പോകുന്നുണ്ട്. നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ജല അതോറിറ്റിയുടെ മല്ലപ്പള്ളി ഓഫിസിനു മുൻപിൽ സമര പരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് എം.കെ. സുഭാഷ്കുമാർ പറഞ്ഞു.