ADVERTISEMENT

പത്തനംതിട്ട ∙ പഠിച്ചതു കൊമേഴ്സ്, ജോലി ചെയ്തതു ബാങ്കിൽ, എഴുതുന്നതു സാഹിത്യം. അടൂർ ഇടപ്പെട്ടിമുകളിൽ പുത്തൻവീട്ടിൽ പി. ശ്രീകുമാറിന്റെ (അമ്പിളി ശ്രീകുമാർ–64) ജീവിതം ഇങ്ങനെ വായിക്കാം. റാലേഗാൻ സിദ്ധി ,എന്റെ ഗ്രാമത്തിന്റെ ആത്മകഥ എന്ന ഒറ്റ വിവർത്തനകൃതി കൊണ്ടു ശ്രദ്ധേയനാണു പി.ശ്രീകുമാർ.

അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെയുടെ ആത്മകഥയാണ് റാലേഗാൻ സിദ്ധി –എന്റെ ഗ്രാമത്തിന്റെ ആത്മകഥ. മലയാളത്തിലേക്കു ശ്രീകുമാർ മൊഴിമാറ്റം നടത്തിയ പുസ്തകം 2011 ൽ പ്രസിദ്ധീകരിച്ചു. 2011 ഏപ്രിലിൽ അഴിമതിക്കും കള്ളക്കടത്തിനുമെതിരെ ജന്തർമന്തറിൽ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ അണ്ണാ ഹസാരെ വാർത്തകളിൽ നിറഞ്ഞു. ഹസാരെയ്ക്ക് ഒപ്പമുണ്ടായിരുന്ന അരവിന്ദ് കേജ്‌രിവാൾ ആംആദ്മി പാർട്ടി രൂപീകരിച്ചതും ഡൽഹിയിൽ ഭരണം പിടിച്ചെടുത്തതും ചരിത്രം.

ജന്തർമന്തറിലെ പോരാട്ടത്തിനും വർഷങ്ങൾക്കു മുൻപു വിവരാവകാശനിയമത്തിനായും പോരാട്ടം നടത്തിയിരുന്നു ഹസാരെ. മഹാരാഷ്ട്രയിലെ റാലേഗാൻ സിദ്ധി എന്ന തന്റെ ഗ്രാമത്തിൽ കണ്ടു മടുത്ത കക്ഷിരാഷ്ട്രീയത്തിന്റെ കോലാഹ ലങ്ങളില്ലാതെ കൂട്ടായ അധ്വാനത്തിന്റെയും ജാതിമതാതീതമായ സഹകരണത്തിന്റെയും സാക്ഷാത്കാരത്തിലൂടെ സ്വയംപര്യാപ്തമായ ഗ്രാമം യാഥാർഥ്യമാക്കി. ഗ്രാമത്തിന്റെ ജീവിതത്തിലൂടെ ഹസാരെയുടെ ജീവിതം പറഞ്ഞുപോകുന്നു പുസ്തകം.

ഗാന്ധിജിക്കു ശേഷം ഗാന്ധിയൻ തത്വചിന്തയെ പ്രയോഗിക രാഷ്ട്രീയ പദ്ധതിയായി വികസിപ്പിച്ചെടുത്തതിനു മറ്റ് ഉദാഹരണങ്ങളില്ല തന്നെ. മാറ്റം ആഗ്രഹിക്കുന്ന രാഷ്ട്രീയബോധത്തിനു പുതിയ രാഷ്ട്രീയ പാഠപുസ്തകമാകട്ടെ എന്ന ചിന്തയിലാണ് വിവർത്തനം നടത്തിയതെന്നു ശ്രീകുമാർ പറയുന്നു. പുസ്തകത്തിന്റെ 2 പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു.

മുൻ കേന്ദ്രവിദേശകാര്യമന്ത്രി എം.സി.ഛഗ്ലയുടെ ആത്മകഥ –റോസസ് ഇൻ ഡിസംബർ, ശ്രീരാമകൃഷ്ണകഥകൾ, എന്നിവ പ്രസിദ്ധീകരണത്തിനു തയാറെടുക്കുന്നു.  ‘പദാനുപദ തർജ്ജമയല്ല ആശയങ്ങൾ ഉൾക്കൊണ്ടു നടത്തുന്നതാണു യഥാർഥ വിവർത്തനം.’ ഉദാഹരണത്തിന് കിഴക്കൻ ആഫ്രിക്കയിലെ ചിപ്സിജി ഭാഷയിൽ ഇലകൾ കൊണ്ടു പൊതിയുക എന്നൊരു പ്രയോഗമുണ്ട്. പദാനുപദ തർജ്ജമ നടത്തിയാൽ ആശയം മാറും. മലയാളത്തിൽ പടിയടച്ചു പിണ്ഡം വയ്ക്കുക എന്ന പ്രയോഗമാണ് ഇതിനു യോജിക്കുക. –ശ്രീകുമാർ പറയുന്നു.

ചെറുപ്പം മുതൽ തന്നെ പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലം മാതാപിതാക്കളായ റിട്ട.ജോയിന്റ് റജിസ്ട്രാർ പി.പുരുഷോത്തമൻനായർ, ജെ.കമലമ്മ എന്നിവരിൽ നിന്നു കിട്ടിയതാണെന്ന് അദ്ദേഹം പറയുന്നു. ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു അച്ഛൻ. സ്കൂൾ, സർവകലാശാല തലങ്ങളിൽ പ്രസംഗം,ഉപന്യാസ മത്സരങ്ങളിൽ നിരവധിസമ്മാനങ്ങൾ നേടിയിരുന്നു.

എംകോമിനു ശേഷം തിരുവല്ല കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീകുമാർ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നാണു വിരമിച്ചത്. ഭാര്യ അനിതാ ശ്രീകുമാറും മക്കളായ ആദിത്യദേവ്, ആനന്ദ് സത്യനാരായണൻ, മരുമകൾ അഡ്വ.സി.വി.വീണ എന്നിവരും ശ്രീകുമാറിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയേകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com