ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാന; പിന്നാലെ വന്ന വാനും ആനയുടെ മുന്നിൽപെട്ടു

Mail This Article
സീതത്തോട് ∙ ആങ്ങമൂഴി–ഗവി റൂട്ടിൽ കൊച്ചുപമ്പയിൽ ആനവണ്ടി തടഞ്ഞ് കാട്ടാന. പത്തനംതിട്ട– ഗവി– കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ആദ്യത്തെ കെഎസ്ആർടിസി ബസ് കുമളിയിൽ നിന്നു മടങ്ങും വഴി ഇന്നലെ ഉച്ചയ്ക്കു 2.45ന് കൊച്ചുപമ്പ സബ് സ്റ്റേഷനു സമീപം വച്ചാണ് സംഭവം. ബസിൽ 15 യാത്രക്കാർ ഉണ്ടായിരുന്നു.
ഏകദേശം 25 മിനിറ്റോളം ബസ് ആനയുടെ മുന്നിൽ അകപ്പെട്ടു. ആന റോഡിൽ തന്നെ നിലയുറപ്പിച്ചതോടെ കുറെ സമയം ബസ് ശബ്ദം ഉണ്ടാക്കി നോക്കിയിട്ടും മാറാത്തതിനെ തുടർന്ന് പിന്നിലേക്കെടുത്ത് കൊച്ചുപമ്പ കാന്റിനു മുന്നിലൂടെയുള്ള റോഡ് വഴി പ്രധാന റോഡിലേക്കു കടക്കുകയായിരുന്നു.
വളവിനു സമീപമാണ് ആന നിന്നിരുന്നത്. മൂടൽ മഞ്ഞ് കാരണം പെട്ടെന്ന് കാണാനും പ്രയാസമായിരുന്നു. ഇതിനിടെ ഒരു വാൻ വന്ന് ആനയുടെ മുന്നിൽപെട്ടു. അവരും കാന്റിൻ വഴിയുള്ള റോഡിലൂടെയാണ് ഗവിയിലേക്കു പോയത്. പത്തനംതിട്ട ഡിപ്പോയിൽ കണ്ടക്ടർ ബോബി ജോർജും, ഡ്രൈവർ ജയിംസ് മാത്യുമായിരുന്നു ബസിലെ ജീവനക്കാർ. ഗവി റോഡിൽ മിക്കപ്പോഴും കാട്ടാനയുടെ സാന്നിധ്യം പതിവാണിപ്പോൾ.
English Summary: Unforgettable Journey: Close Encounter with Elephants on the Angamoozhi-Gavi Route