നെല്ലുവില സമയത്ത് നൽകാതെ സർക്കാർ; കൃഷിയും പാടവും ഉപേക്ഷിച്ച് കർഷകർ

Mail This Article
തിരുവല്ല ∙ അപ്പർ കുട്ടനാട്ടിലെ നെൽകാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക്. നിലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർ കൃഷി ചെയ്യാതെ പാട്ടം ഉപേക്ഷിച്ചുപോകുകയും പാട്ടത്തിന് കൃഷി ചെയ്യാൻ ആരും മുന്നോട്ട് വരാതിരിക്കുകയും ചെയ്യുന്നതാണ് നിലവിലെ പ്രശ്നം. ഇതോടൊപ്പം നിലമുടമകൾ പാടം വിറ്റുകയ്യൊഴിയാനുള്ള ശ്രമത്തിലുമാണ്. പാടശേഖരം വാങ്ങാൻ ആളെ കിട്ടാനുമില്ല.
ഈ വർഷം കൊയ്തെടുത്ത നെല്ല് സപ്ലൈകോ ഏറ്റെടുത്തെങ്കിലും പണം സമയത്ത് കിട്ടാതെ വന്നതു മുതലാണ് പ്രശ്നം തുടങ്ങിയത്. ഇതോടെ കൃഷി ചെയ്യാനുള്ള താത്പര്യം പൊതുവേ കുറഞ്ഞു. 60 ഏക്കർ വരുന്ന പാരൂർ-കണ്ണാട്ട് പാടശേഖരം 3 വർഷത്തേക്ക് പാട്ടത്തിനെടുത്ത തുരുത്തി സ്വദേശി 2 വർഷം കൃഷി ചെയ്തശേഷം ഈ വർഷം ഉപേക്ഷിച്ചു. ഇതോടെ പാടശേഖര സമിതി 2 പ്രാവശ്യം പൊതുയോഗം കൂടി പാട്ടക്കാരെ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് ചെറിയാൻ തോമസ് പറഞ്ഞു.
മൂന്നാംവേലി താമരങ്കേരി പാടശേഖരം കഴിഞ്ഞ രണ്ടു വർഷം കൃഷി ചെയ്ത പാട്ടകർഷകനും ഇത്തവണ ഇല്ലെന്നറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 2 വർഷവും പാടത്തെ നെല്ല് പൂർണമായി കൊയ്തെടുക്കാൻ പറ്റിയില്ല. 70 ഏക്കർ വരുന്ന പെരുന്തുരുത്തി തെക്ക് പാടശേഖരവും 15 വർഷത്തോളമായി തരിശായി കിടക്കുകയാണ്.
പാട്ടത്തിന് നൽകാൻ തയാറാണെങ്കിലും എടുത്ത് കൃഷി ചെയ്യാൻ ആളെ കിട്ടുന്നില്ല. പുറം ബണ്ടിന്റെ ബലക്ഷയം ഒഴിച്ചാൽ എല്ലാ പാടത്തും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പെട്ടി, പറ, മോട്ടർ, സൗജന്യ വൈദ്യുതി തുടങ്ങിയവ ഉണ്ടെങ്കിലും ഇതിനിടെയാണ് പാടശേഖരം വിൽക്കാനുള്ള കർഷകരുടെ ശ്രമത്തിനും ആളില്ലാതായത്. കിട്ടുന്ന വിലയ്ക്ക് നൽകാൻ പലരും തയാറാണ്. നെല്ല് സപ്ലൈകോയ്ക്ക് നൽകിയ വകയിൽ 6 മാസം കാത്തിരുന്നാണ് ഇത്തവണ പണം ലഭിച്ചത്. ഇതും കൃഷിയോടുള്ള താത്പര്യം കുറയുന്നതിന് ഇടയാക്കി.
പുഞ്ചനിലം പാട്ടം
പെരിങ്ങര ∙ പാരൂർ-കണ്ണാട്ട് പാടശേഖരത്തിൽ അടുത്ത 2 വർഷത്തേക്ക് 60 ഏക്കർ പുഞ്ചനിലം കൃഷി ചെയ്യുന്നതിന് പാട്ടത്തിനെടുക്കാൻ അപേക്ഷ ക്ഷണിച്ചു. നാളെ വൈകിട്ട് 5 നു മുൻപ് പാടശേഖര സമിതി മുൻപാകെ അപേക്ഷ നൽകണം. 5.30ന് ചേരുന്ന സമിതി യോഗത്തിൽ അപേക്ഷകൾ പരിഗണിക്കുന്നതാണ്.