ഈ ‘ടെസ്റ്റ് ’ യാത്രക്കാരെ റോഡിൽ വലയ്ക്കാൻ; അടൂർ ബൈപാസിൽ ഗതാഗതക്കുരുക്ക്

Mail This Article
അടൂർ∙ മോട്ടർ വാഹന വകുപ്പിന്റെ വാഹന ടെസ്റ്റിങ് അടൂർ ബൈപാസിൽ നടത്തുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്നു പരാതി. സിഎഫ് ടെസ്റ്റിനും റീ ടെസ്റ്റിനുമായി വാഹനങ്ങൾ ബൈപാസിന്റെ ഇരുവശങ്ങളിലുമായി നിർത്തിയിടുന്നതാണു ഗതാഗത തടസ്സത്തിനു ഇടയാക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ മുതൽ ലോറികളും ബസുകളും വരെ മണിക്കൂറുകളോളം നിർത്തിയിടുന്നുണ്ട്. അടൂർ ജോയിന്റ് ആർടി ഓഫിസിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന. അനുയോജ്യമായ ഗ്രൗണ്ട് ഇല്ലാത്തതിനാലും മോട്ടർ വാഹന വകുപ്പിനു സ്വന്തമായി സ്ഥലമില്ലാത്തതിനാലുമാണു റോഡുകളിൽ പരിശോധന നടത്തേണ്ടി വരുന്നതെന്നു മോട്ടർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
ടെസ്റ്റിങ്ങിനായി എത്തുന്ന വാഹനങ്ങൾ ബൈപാസിൽ തോന്നിയപോലെ നിർത്തിയിടുന്നതാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. ബൈപാസിൽ രാവിലെ 9 മുതൽ നിർത്തുന്ന വാഹനങ്ങൾ ഉച്ചയ്ക്കു ശേഷമാണ് ടെസ്റ്റിങ് പൂർത്തിയാക്കി പോകുന്നത്.
കരുവാറ്റ പള്ളിയുടെ ഭാഗം മുതൽ നഗരസഭാ ഓഫിസ് കെട്ടിടം നിർമിക്കുന്ന ഭാഗം വരെയാണു പാർക്കിങ്. ഇതിനു പുറമേ ബൈപാസിന്റെ വശങ്ങളിൽ ഭക്ഷണശാലകൾ കൂടിയതോടെ അവിടേക്ക് വരുന്ന വാഹനങ്ങളും റോഡ് വശത്ത് നിർത്തുമ്പോൾ കുരുക്ക് രൂക്ഷമാകും.