വായ്പയെടുത്തവർ തിരിച്ചടയ്ക്കുന്നില്ല; നിക്ഷേപകർക്കു പണം തിരികെ നൽകാനാകാതെ താലൂക്കിലെ 4 സഹകരണ ബാങ്കുകൾ

Mail This Article
റാന്നി ∙ വായ്പയെടുത്തവർ തിരിച്ചടയ്ക്കാത്തതുമൂലം നിക്ഷേപകർക്കു പണം തിരികെ നൽകാനാകാതെ താലൂക്കിലെ 4 സർവീസ് സഹകരണ ബാങ്കുകൾ. നിക്ഷേപകർ ബാങ്കുകളിൽ കയറിയിറങ്ങി വലയുന്നു. വെൺകുറിഞ്ഞി, നാറാണംമൂഴി, വടശേരിക്കര, ചെറുകോൽ എന്നീ ബാങ്കുകളിലാണ് പ്രതിസന്ധി രൂക്ഷം. ക്രമക്കേട് കാണപ്പെട്ട കുമ്പളാംപൊയ്ക പെരുനാട് എന്നീ സഹകരണ ബാങ്കുകളിലും ഇതേ പ്രതിസന്ധി പ്രകടമാണ്. ബാങ്കിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി വെൺകുറിഞ്ഞി സഹകരണ ബാങ്ക് സെക്രട്ടറി നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും വരെ നിക്ഷേപകർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണെന്നാണ് ഇതിൽ പറയുന്നത്. ലക്ഷം രൂപ വരെയുള്ള നിക്ഷേപകർക്ക് മാസം 5,000 രൂപ വീതവും 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് മാസം 10,000 രൂപ വീതവും 10 ലക്ഷം വരെയുള്ളതിന് മാസം 15,000 രൂപ വീതവും 10 ലക്ഷത്തിനു മുകളിൽ മാസം 20,000 രൂപ വീതവും നൽകുമെന്നാണ് പറയുന്നത്. കുടിശികക്കാർക്കെതിരെ ആർബിട്രേഷൻ നടപടി സ്വീകരിക്കുമെന്ന് നോട്ടിൽ അറിയിച്ചിട്ടുണ്ട്.
വടശേരിക്കര സർവീസ് സഹകരണ ബാങ്കിലും പ്രതിസന്ധി രൂക്ഷമാണ്. വായ്പ തുക തിരിച്ചു ലഭിക്കുന്നതിന് അനുസരിച്ചാണ് നിക്ഷേപകർക്കു പണം നൽകുന്നത്. വടശേരിക്കര പഞ്ചായത്തിലെ ജീവനക്കാർക്ക് ഓണത്തിനു ശമ്പളം ലഭിക്കാത്തതു വിവാദമായിരുന്നു. പഞ്ചായത്തിന്റെ 2 കോടിയോളം രൂപ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. അങ്ങാടി സഹകരണ ബാങ്കിലും വൻ തുക വായ്പയെടുത്തവർ കുടിശിക വരുത്തിയിട്ടുണ്ട്.