യൂറിയ കിട്ടാനില്ല; കർഷകർ പ്രതിസന്ധിയിൽ

Mail This Article
പത്തനംതിട്ട ∙ രണ്ടാം വിളയായ മുണ്ടകൻ കൃഷിക്ക് പാടങ്ങളെല്ലാം ഒരുങ്ങിത്തുടങ്ങിയെങ്കിലും യൂറിയ കിട്ടാനില്ല, കർഷകർ പ്രതിസന്ധിയിൽ. നടീൽ കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ ആദ്യ വളം നൽകണം. 25-30 ദിവസത്തിനുള്ളിൽ രണ്ടാമത്തെ വളമായി യൂറിയയും പൊട്ടാഷും. ഇത് തെറ്റിച്ചാൽ നെൽച്ചെടികളുടെ വളർച്ചയെ ബാധിക്കും. വിളവ് കാര്യമായി കുറയുകയും ചെയ്യും. യൂറിയക്ക് കടുത്ത ക്ഷാമമായതോടെ കർഷകർ നെട്ടോട്ടത്തിലാണ്.
ഫോസ്ഫറസ് കഴിഞ്ഞാൽ പാടശേഖരങ്ങളിൽ പ്രയോഗിക്കേണ്ട വളങ്ങളിൽ പ്രധാനപ്പെട്ടതാണ് യൂറിയ. 45 കിലോ ചാക്കിന് 1500 രൂപയോളം വില വരുന്നുണ്ടെങ്കിലും കർഷകർക്ക് സബ്സിഡി നിരക്കിൽ 266 രൂപയ്ക്കാണു ഇതു നൽകിയിരുന്നത്. ഏക്കറിന് 35 - 40 കിലോഗ്രാം യൂറിയയാണ് വേണ്ടത്. രാസവളങ്ങളിൽ പൊട്ടാഷിനും യൂറിയക്കുമാണ് ജില്ലയിൽ ആവശ്യക്കാർ ഏറെയുള്ളത്. കർഷകർക്ക് കൃഷി ചെലവ് വർധിക്കുന്നത് പലരും കൃഷിയിൽ നിന്ന് പിന്തിരിയാൻ ഇടയാക്കുമെന്നും കർഷകർ പറയുന്നു.