കാൽനൂറ്റാണ്ടായി പടർന്നു നിൽക്കുന്ന ഈ വെറ്റിലച്ചെടിക്ക് പിതൃസ്മരണയുടെ പുണ്യം
Mail This Article
കലഞ്ഞൂർ∙ഇടക്കോൺ മേത്തന്റയ്യത്ത് വീട്ടുമുറ്റത്തെ നെല്ലിമരത്തിൽ കാൽനൂറ്റാണ്ടായി പടർന്നു നിൽക്കുന്ന വെറ്റിലച്ചെടിക്ക് പിതൃസ്മരണയുടെ പുണ്യമുണ്ട്. നാട്ടിലെ മികച്ച കർഷകനും പൊതു പ്രവർത്തകനുമായിരുന്ന പരേതനായ കെ.പ്രഭാകരൻ നായരെക്കുറിച്ചുള്ള ഓർമയാണു വീട്ടുകാർക്കിന്ന് ഈ വെറ്റിലച്ചെടി. പഞ്ചായത്തിലെ കർഷക പുരസ്കാര ജേതാവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു പ്രഭാകരൻ നായർ.
കൃഷിയിൽ സജീവമായിരുന്ന കാലത്ത് അരയേക്കറിലധികം സ്ഥലത്ത് വെറ്റില കൃഷി ചെയ്തിരുന്നു. നെല്ല്, വാഴ, മരച്ചീനി എന്നിവയും വിളയിച്ചിരുന്ന ഇദ്ദേഹം മികച്ച കേര കർഷകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അയൽപക്കത്തെ വെറ്റില മുറുക്കുകാരും പൂജ, ദക്ഷിണ നൽകൽ, ഔഷധ ആവശ്യങ്ങൾക്കായും വെറ്റില തേടിയെത്തുമ്പോൾ ഈ വെറ്റിലച്ചെടിയും സജീവമാക്കുന്നു. അതുകൊണ്ടുതന്നെ ഭാര്യ രാധാമണിയമ്മയും മകൻ പ്രദീപും കുടുംബവും പ്രത്യേക പരിചരണമാണ് മുറ്റത്തെ നെല്ലിമരത്തിൽ 30അടിയിലധികം ഉയരത്തിൽ തഴച്ചു നിൽക്കുന്ന വെറ്റിലച്ചെടിക്ക് നൽകുന്നത്.