പോപ്കോൺ ഉണ്ടാക്കുന്നതെങ്ങനെ? ആ സംശയത്തിന് കൃഷി ചെയ്ത് ഉത്തരം നൽകി അരുൺ
Mail This Article
കടമ്പനാട്∙കാണുമ്പോൾ തന്നെ നാവിൽ രുചിയൂറുന്ന പോപ്‌കോൺ തരുന്ന ചെടി വീട്ടു പറമ്പിൽ പാകമാക്കിയതിന്റെ സന്തോഷത്തിലാണ് കുട്ടികളായ നെല്ലിമുകൾ അരുൺ നിവാസിൽ ആര്യനും അർജുനും .അവരുടെ ആഗ്രഹപ്രകാരമാണ് അച്ഛൻ അരുൺ വിത്തു സംഘടിപ്പിച്ച് പറമ്പിൽ നട്ടുവളർത്തിയത്. പോപ്കോൺ ഉണ്ടാകുന്നതെങ്ങനെയെന്ന ആര്യന്റെ സംശയത്തിന് കൃഷി ചെയ്ത് ഉത്തരം നൽകുകയായിരുന്നു ക്ഷീരകർഷകൻ കൂടിയായ അരുൺ.
ആദ്യം ചോളക്കൃഷിയുടെ രീതികൾ മനസ്സിലാക്കി.അതിനു ശേഷം മുണ്ടപ്പള്ളി ക്ഷീരോൽപാദക സഹകരണസംഘത്തിൽ നിന്ന് ചോളവിത്ത് സംഘടിപ്പിച്ച് കൃഷി തുടങ്ങി. തരിശായി കിടന്ന 10 സെന്റ് ഭൂമി ഒരുക്കി വിത്തു പാകി. അച്ഛനും അമ്മയ്ക്കുമൊപ്പം ആര്യനും അർജുനും കൃഷിയിടത്തിലിറങ്ങി. ഏറെ ഇഷ്ടത്തോടെയും കൗതുകത്തോടെയും കൃഷി ചെയ്ത ചോളം വിളവെടുപ്പിന് പാകമായി വരുന്നു. ആര്യൻ മുണ്ടപ്പള്ളി ഗവൺമെന്റ് എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർഥിയും അർജുൻ എൽ കെ ജി വിദ്യാർഥിയുമാണ്.സ്കൂളിലെ കൃഷിത്തോട്ടം പരിപാലിക്കുന്നതിലും ഇവർ പങ്കാളികളാണ്.