അരികു ചേരരുത്, അപകടമാണ്; റോഡിന്റെ വശം തുടരെ ഇടിഞ്ഞു വീഴുന്നത് വാഹന, കാൽനട യാത്രക്കാർക്കു ഭീഷണിയായി

Mail This Article
മാടമൺ ∙ റോഡിന്റെ വശത്തെ കട്ടിങ് തുടരെ ഇടിഞ്ഞു വീഴുന്നത് വാഹന, കാൽനട യാത്രക്കാർക്കു ഭീഷണിയായി. മണിയാർ–മാമ്പാറ–എരുവാറ്റുപുഴ റോഡിൽ മണിയാർ പവർ ഹൗസിന്റെ എതിർവശത്തെ ദുരവസ്ഥയാണിത്. റോഡിന്റെ വശത്ത് 30 അടിയോളം ഉയരമുള്ള കട്ടിങ്ങാണ്. എതിർവശം കല്ലാറുമാണ്. പാറയും മണ്ണും നിറഞ്ഞ പ്രദേശമാണിത്. മഴക്കാലത്ത് മണ്ണു കുതിരുമ്പോൾ കട്ടിങ് ഇടിഞ്ഞ് റോഡിൽ വീഴും. രണ്ടാഴ്ച മുൻപ് സ്കൂൾ ബസുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ബസുകൾ കടന്നു പോയതിനു പിന്നാലെ കട്ടിങ് ഇടിഞ്ഞു റോഡിനു കുറുകെ വീഴുകയായിരുന്നു.
അവ വാരി നീക്കാൻ പോലും പിഡബ്ല്യുഡി, പഞ്ചായത്ത് അധികൃതരാരും തയാറാകുന്നില്ല. നാട്ടുകാർ ഇടപെട്ടാണ് റോഡിലെ കല്ലും മണ്ണും നീക്കുന്നത്. റോഡിൽ കല്ലാറിനോടു ചേർന്ന ഭാഗത്തെ സംരക്ഷണഭിത്തി തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവരെ പുനർ നിർമിച്ചിട്ടില്ല. ഇതുമൂലം കട്ടിങ് ഇടിഞ്ഞു വരുന്നതു കണ്ടാൽ വാഹനങ്ങൾ എതിർ വശത്തേക്ക് ഒതുക്കാനും കഴിയില്ല. അടിയന്തരമായി ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാർ അറിയിച്ചു.