വെച്ചൂച്ചിറയിൽ ശുചിത്വ മഹായജ്ഞം

Mail This Article
വെച്ചൂച്ചിറ ∙ ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത കേരളം നവകേരളം എന്നീ പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിൽ നടത്തുന്ന ശുചിത്വ മഹായജ്ഞത്തിന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തുടക്കം. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്ഥിരംസമിതി അധ്യക്ഷ എസ്.രമാദേവി, അംഗങ്ങളായ ടി.കെ.രാജൻ, രാജി വിജയകുമാർ, എലിസബത്ത് എന്നിവർ പ്രസംഗിച്ചു.
ആശാ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, നാട്ടുകാർ, പിടിഎ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വെൽഫെയർ കമ്മിറ്റികൾ എന്നിവർ പങ്കാളികളായി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജൂബി, വൈശാഖ്, തൊഴിലുറപ്പു പ്രതിനിധി ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി അങ്കണവാടികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, സ്കൂളുകൾ, ജവാഹർ നവോദയ വിദ്യാലയം തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണം നടത്തി.
നവോദയ–പെരുന്തേനരുവി, വെച്ചൂച്ചിറ–കക്കുടുക്ക, വെച്ചൂച്ചിറ–നെല്ലിശേരിപാറ എന്നീ റോഡുകളുടെ പരിസരങ്ങൾ ശുചീകരിച്ചു. വള്ളിയാംകയം, കുംഭിത്തോട്, പരുവ, വാറ്റുകുന്ന്, കക്കുടുക്ക എന്നീ തോടുകളും കുന്നം, കൂത്താട്ടുകുളം, നായിത്താനി എന്നീ കുളങ്ങളും ശുചീകരിച്ചു. 75 ഭാഗങ്ങളിലാണ് ശുചീകരണം നടന്നത്. വിവിധ വാർഡുകളിലെ ശുചീകരണം വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്ഥിരംസമിതി അധ്യക്ഷരായ ഇ.വി.വർക്കി, എസ്.രമാദേവി, നിഷ അലക്സ്, അംഗങ്ങളായ ഷാജി കൈപ്പുഴ, നഹാസ്, പ്രസന്നകുമാരി, ടി.കെ.രാജൻ, രാജി വിജയകുമാർ, സജി കൊട്ടാരം, ജിനു, എലിസബത്ത്, ജോയി ജോസഫ്, റെസി ജോഷി എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞയും അവർ ചൊല്ലിക്കൊടുത്തു. ഇന്ന് 9.30ന് വെച്ചൂച്ചിറ എടിഎം ഓഡിറ്റോറിയത്തിൽ ശുചിത്വ പാർലമെന്റും ശുചിത്വ ക്വിസ് ഫൈനലും നടക്കുമെന്ന് പ്രസിഡന്റ് ടി.കെ.ജയിംസ് അറിയിച്ചു.