വ്യാപാരശാലയിൽ തീപിടിത്തം

Mail This Article
അടൂർ∙ നഗരത്തിൽ പാർഥസാരഥി ജംക്‌ഷനിലെ ജെ.ജെ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ 5.30നാണ് സൂപ്പർമാർക്കറ്റിനുള്ളിലെ ഇടനാഴിയിൽ തീപിടിത്തുമുണ്ടായത്. 3 ചാക്ക് പിരിയൻ മുളക്, 4 റോൾ റബർമാറ്റ്. ഒരു ഫാൻ, 2 തടിക്കസേര തുടങ്ങിയവയാണ് കത്തി നശിച്ചത്.
റോഡിൽ കൂടി നടന്നു പോയവരാണ് സൂപ്പർമാർക്കറ്റിൽ നിന്ന് പുകയുയരുന്നത് കണ്ട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേന എത്തി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി തീ അണച്ചതിനാൽ കൂടുതൽ സ്ഥലത്തേക്ക് തീ ആളിപ്പടരുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.
ഷോർട്ട്സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നു കരുതുന്നു. അൻപതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. നിയാസുദ്ദീൻ, ജി.വി. രാജേഷ്, രവികുമാർ, പ്രജോഷ്, സൂരജ്, മുഹമ്മദ്, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.