സഹാസ് കാർഡിയോളജി സെന്റർ സന്നിധാനത്ത് പ്രവർത്തനം തുടങ്ങി

Mail This Article
ശബരിമല ∙ സഹാസ് കാർഡിയോളജി സെന്റർ സന്നിധാനത്ത് പ്രവർത്തനം ആരംഭിച്ചു. ചെന്നൈ സിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് സഹാസ് അയ്യപ്പ ഭക്തർക്കായി സൗജന്യ സേവനം ഒരുക്കുന്നത്. മല കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് എക്കോ മെഷീൻ സേവനം പൂർണമായും സൗജന്യമായി നൽകാൻ കഴിയുന്നുണ്ട്. പമ്പയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐസിയു ആംബുലൻസ്, സ്റ്റാഫ് നഴ്‌സ്, ഡ്രൈവർ എന്നിവരുടെ പൂർണ സമയ സേവനവും സൗജന്യമായി ഉറപ്പാക്കാനും കഴിയുന്നുണ്ട്.
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോൾ, ഹൈപ്പർ ടെൻഷൻ തുടങ്ങിയവയുടെ സ്‌ക്രീനിങ്ങും നിയന്ത്രണവും, കാർഡിയാക് സ്‌ക്രീനിങ്, ജനറൽ ഒപി. വിഭാഗം, പ്രത്യേക ലബോറട്ടറി പരിശോധനകൾ, ഇസിജി, നെബുലൈസർ, ജീവൻ രക്ഷാ അടിയന്തര വൈദ്യ സാഹയത്തിനുള്ള എഇഡി മെഷീൻ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. 3 കിടക്കയുള്ള ഐസിയു, ഡെഫിബ്രിലേറ്റർ, പമ്പ് ഇൻഫ്യൂഷൻ തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ട്. ഇതോടൊപ്പം സൗജന്യ മരുന്ന് വിതരണവും നടത്തുന്നു. സഹാസ് സെക്രട്ടറിയും ജനറൽ സർജനുമായ ഡോ. ഒ വാസുദേവനാണ് ചീഫ് മെഡിക്കൽ ഓഫിസർ.
ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാൽ ത്വരിത ഗതിയിൽ സൗജന്യ ചികിത്സ നൽകാൻ 1993 മുതൽ പ്രവർത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്. ചെന്നൈ എസ്ആർഎം മെഡിക്കൽ കോളജ്, ഐഎംഎ നെറ്റ് വർക്ക് ഓഫ് ട്രോമ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.
സഹാസ് തിരുമുറ്റത്ത് പ്രഥമ ശുശ്രൂഷ കേന്ദ്രം തുറന്നു. പതിനെട്ടാംപടി കയറി തിരുമുറ്റത്ത് എത്തുന്ന തീർഥാടകർക്ക് ശാരീരിക വൈഷമ്യം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ നൽകാനാണ് എമർജൻസി മെഡിക്കൽ കെയർ സെന്റർ തുറന്നത്. പരിശോധനയ്ക്കായി എഇഡി മെഷീൻ അടക്കമുള്ള ഉപകരണങ്ങൾ ഇവിടെ ഉണ്ട്. തന്ത്രി മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്തു. മേൽശാന്തി പി.എൻ.മഹേഷ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി.കൃഷ്ണകുമാർ, ഡോ ഒ. വാസുദേവൻ എന്നിവർ പങ്കെടുത്തു.