ട്രാൻസ്പോർട്ട് കമ്മിഷണറുടെ കാർ ഇടിച്ചു പരുക്കേറ്റയാൾ മരിച്ചു

Mail This Article
പന്തളം ∙ ട്രാൻസ്പോർട്ട് കമ്മിഷണർ എഡിജിപി എസ്.ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു. പറന്തൽ മല്ലശ്ശേരി വീട്ടിൽ പരേതനായ ഓമനക്കുട്ടന്റെ മകൻ പത്മകുമാറാണ് (51) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടോടെയാണ് മരണം. എംസി റോഡിൽ പറന്തൽ ജംക്‌ഷന് സമീപം വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുമ്പോൾ അടൂർ ഭാഗത്ത് നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ പത്മകുമാറിനെ അതേ വാഹനത്തിൽ തന്നെ അടൂർ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷമാണ് എഡിജിപി അന്ന് മടങ്ങിയത്. എന്നാൽ, പരുക്ക് ഗുരുതരമായതിനാൽ അന്ന് തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കഴുത്തിനും വാരിയെല്ലിനും സാരമായി പരുക്കേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു പത്മകുമാർ. അമ്മിണിയാണ് മാതാവ്. ഭാര്യ അന്നക്കുട്ടി. മക്കൾ പത്മപ്രിയ, രാഹുൽ, ഷാഹുൽ. സംസ്കാരം ഇന്ന് 11ന്.