തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്

Mail This Article
റാന്നി ∙ അത്തിക്കയം വാഴക്കാലാ മുക്കിനു സമീപം ശബരിമല തീർഥാടകരുടെ ബസിനു നേരെ കല്ലേറ്. മുൻപിലെ ചില്ല് തകർന്നു. ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് 7.30ന് ശേഷമാണ് സംഭവം. എരുമേലിയിൽ നിന്ന് ഇലവുങ്കൽ പാതയിലൂടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ തീർഥാടകരുമായി മുക്കട–ഇടമൺ–അത്തിക്കയം പാതയിലൂടെ എത്തിയതാണ് ബസ്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ആണിത്. വാഴക്കാലാ മുക്ക് പിന്നിട്ട് സഞ്ചാരമുക്കിലേക്ക് പോകുന്നതിനിടെ എതിരെയെത്തിയ ബൈക്ക് യാത്രക്കാരാണ് ബസിനു നേരെ കല്ലെറിഞ്ഞത്. ചില്ല് പൊട്ടി.
ബസ് പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. പെരുനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഏത് വഴിയാണ് രക്ഷപ്പെട്ടതെന്ന് അന്വേഷിക്കുകയാണ്. സംഭവത്തിൽ ആന്റോ ആന്റണി എംപി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു