ഒത്തനടുവിൽ ഒരൊന്നാന്തരം കുഴി; തിരിഞ്ഞു നോക്കാതെ അധികൃതർ
Mail This Article
ഇട്ടിയപ്പാറ ∙ നടുറോഡിലെ പടുകുഴി വാഹന യാത്രക്കാർക്കു കെണിയായിട്ടും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) തിരിഞ്ഞു നോക്കുന്നില്ല. ഗതാഗതക്കുരുക്കിൽപ്പെട്ടു യാത്രക്കാർ വലയുന്നു. ഇട്ടിയപ്പാറ വൺവേ പാതയിൽ കണ്ടനാട്ടുപടിയിലെ ദുരവസ്ഥയാണിത്. പിജെടി ജംക്‌ഷൻ–ചെട്ടിമുക്ക്, ഇട്ടിയപ്പാറ ബൈപാസ് എന്നീ റോഡുകൾ സന്ധിക്കുന്നത് കണ്ടനാട്ടുപടിയിലാണ്. 3 റോഡുകൾ സന്ധിക്കുന്നതിന്റെ മധ്യത്തിലാണ് വലിയ കുഴി .
വെള്ളം കെട്ടിനിന്ന് കുഴിയുടെ ആഴവും വിസ്തൃതിയും വർധിക്കുകയാണ്. കുഴിയിൽ ചാടാതെ വാഹനങ്ങൾക്കു കടന്നു പോകാനാകില്ല. കുഴിയൊഴിച്ചു വാഹനങ്ങളെത്തുമ്പോഴാണ് ഗതാഗത കുരുക്കു നേരിടുന്നത്. പിജെടി ജംക്‌ഷൻ റോഡും പിന്നിട്ട് അത് കാവുങ്കൽപടി ബൈപാസ് വരെ നീളാറുണ്ട്.
മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് പാക്കേജിന്റെ ഭാഗമാണ് പിജെടി ജംക്‌ഷൻ–ചെട്ടിമുക്ക് റോഡ്. കിഫ്ബി പദ്ധതിയിൽ നവീകരിക്കുന്ന റോഡാണിത്. ഇതിന്റെ നിർമാണ ചുമതലയാണ് കെആർഎഫ്ബിക്കുള്ളത്. അവരാണ് അറ്റകുറ്റപ്പണി നടത്തി കുഴിയടക്കേണ്ടത്. അപകടം ഉണ്ടാകുന്നതു വരെ കാത്തിരിക്കാതെ അടിയന്തരമായി ഇതിനു പരിഹാരം കാണുകയാണ് ആവശ്യം.