ഈ ഹെൽമറ്റ് ധരിച്ചിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനല്ല, സ്വയരക്ഷയ്ക്ക്...
Mail This Article
ശബരിമല∙ രഞ്ജുവും ഹരിദാസും ക്രിക്കറ്റ് കളത്തിലെ ഹെൽമറ്റ് അണിഞ്ഞത് ലോകകപ്പ് ആവേശം കൊണ്ടല്ല. ജീവിത മാർഗം തേടി ജോലി ചെയ്യുമ്പോൾ തലയ്ക്കും മുഖത്തും പരുക്ക് ഏൽക്കാതെ സുരക്ഷയ്ക്കാണ്. കല്ലുവാതുക്കൽ മാവിള പുത്തൻവീട്ടിൽ വി.രഞ്ജുവും പാരിപ്പള്ളി ഹരി നിവാസിൽ ഹരിദാസും പതിനെട്ടാംപടിക്കൽ തീർഥാടകർ ഉടയ്ക്കുന്ന നാളികേരം കോരി മാറ്റുന്ന ജോലിക്കാരാണ്.
പതിനെട്ടാംപടി കയറാനുള്ള ആവേശത്തിൽ നാളികേരം വലിച്ചറിഞ്ഞാണു തീർഥാടകർ ഓടുന്നത്. അതു കൊള്ളുന്നത് ഇവരുടെ ദേഹത്താണ്. കഴിഞ്ഞ വർഷം സാധാരണ ഹെൽമറ്റ് ധരിച്ചാണ് ജോലി നോക്കിയത്. അന്നു മിക്കവർക്കും മുഖത്തും തലയിലും പരുക്കുപറ്റി. അതിനാലാണ് നാളികേരം കരാറുകാരൻ ഇത്തവണ ക്രിക്കറ്റ് കളത്തിലെ ഹെൽമറ്റ് സംഘടിപ്പിച്ചത്.
ഹരിദാസ് ആദ്യമായാണ് ജോലിക്കു വരുന്നത്. അയ്യപ്പ സന്നിധിയിൽ എല്ലാ ദിവസവും ദർശനം നടത്താം. ജോലി നോക്കി ഭക്തിയോടെ ഇവിടെ നിൽക്കാം. അതാണ് ഹരിദാസിനെ ഇവിടേക്ക് ആകർഷിച്ചത്. കളിക്കളത്തിലെ ഹെൽമറ്റും കയ്യിൽ ബാറ്റു പോലുള്ള കോരിയുമായി നിൽക്കുന്ന രഞ്ജു, ഹരിദാസ് എന്നിവരെ കൗതകത്തോടെയാണു തീർഥാടകർ നോക്കുന്നത്. പലർക്കും ഒരു കാര്യമാണ് അറിയേണ്ടത്. ഹെൽമറ്റ് എവിടെ നിന്നു വാങ്ങി. എല്ലാം കൊപ്ര മുതലാളിയോടു ചോദിക്കാനാണ് അവരുടെ മറുപടി.