ADVERTISEMENT

ശബരിമല ∙ വില കൂടിയതോടെ ദേവസ്വം ബോർഡിനു ശർക്കര എത്തിച്ചു നൽകാൻ കരാർ നേടിയ കമ്പനി പിൻമാറി. 20 ലക്ഷം കിലോഗ്രാം ശർക്കരയ്ക്ക് ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ ക്ഷണിച്ചു.  അരവണ, അപ്പം എന്നിവ ഉണ്ടാക്കുന്നതിന് ആവശ്യമായ ശർക്കര മഹാരാഷ്ട്രയിൽ നിന്നാണു വരുന്നത്. 40 ലക്ഷം കിലോ ശർക്കരയാണ് ഇത്തവണ വേണ്ടത്. മാസങ്ങൾക്കു മുൻപ് ദേവസ്വം ബോർഡ് ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയതാണ്. 

അന്നു ശർക്കര വില കുറവായിരുന്നു. ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ വൈകിയപ്പോഴേക്കും ഉത്തരേന്ത്യയിൽ ശർക്കര വില കൂടി. മഹാരാഷ്ട്രയിലെ ഷുഗർ ഫാക്ടറിക്കാണു ദേവസ്വം ബോർഡ് കരാർ ഉറപ്പിച്ചത്. വില കൂടിയതോടെ അവർ പിന്മാറുകയായിരുന്നു.  പുതിയ കരാർ നൽകാൻ  29 വരെ സമയം ഉണ്ട്. 30ന് ടെൻഡർ തുറക്കും. ഇപ്പോൾ 12 ലക്ഷം ടിൻ അരവണ സന്നിധാനത്ത് കരുതൽ ശേഖരം ഉണ്ട്. അരവണ ക്ഷാമം താൽക്കാലം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 

തീർഥാടക പ്രവാഹം തുടങ്ങി
ശബരിമല ∙ ദർശന പുണ്യം തേടി സന്നിധാനത്തേക്കു തീർഥാടകരുടെ പ്രവാഹം തുടങ്ങി. കഴിഞ്ഞ 3 ദിവസത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തീർഥാടകർ ദർശനം നടത്തിയത് ഇന്നലെയാണ്. സന്ധ്യ വരെയുള്ള കണക്ക് അനുസരിച്ച് 40120 തീർഥാടകരെത്തി. ഇന്നലെ 52,045 പേർ വെർച്വൽക്യു ബുക്ക് ചെയ്തിരുന്നു. തിരക്ക് എപ്പോഴും ഒരുപോലെ വരുന്ന വിധത്തിൽ സമയം നിശ്ചയിച്ചു സ്ലോട്ട് അനുവദിക്കണമെന്ന പൊലീസിന്റെ കർശന നിർദേശമാണ് ദേവസ്വത്തിനു നൽകിയിട്ടുള്ളത്. 

രാവിലെ 7ന് ശേഷം വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാനുള്ള ക്യു ഇല്ലായിരുന്നു. എന്നാൽ വൈകിട്ട് നട തുറന്നതു മുതൽ പടി കയറാനുള്ള ക്യു ഉണ്ട്.  അയ്യപ്പ സ്വാമിക്ക് ഇന്നലെ കളഭാഭിഷേകവും വൈകിട്ട് പുഷ്പാഭിഷേകവും നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കളഭം പൂജിച്ച് ആഘോഷമായാണ് ശ്രീകോവിലിൽ എത്തിച്ചത്. മേൽശാന്തി പി.എൻ.മഹേഷ് സഹകാർമികത്വം വഹിച്ചു.  തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു ഇന്നലെ ൈവകിട്ട് ദർശനം നടത്തി.

അടിയന്തര വൈദ്യസഹായത്തിന് റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റ്
ശബരിമല∙ തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ കനിവ് 108 റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റുകളെ വിന്യസിച്ചതായി മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, കനിവ് 108 എന്നീ ആംബുലൻസുകൾക്ക് പുറമേയാണ്  ഇതിന്റെ സഹായം ലഭിക്കുന്നത്.  ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 രക്ഷാവാൻ, ഐസിയു ആംബുലൻസ് എന്നിവ പമ്പയിൽ ഉണ്ട്.

കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തി കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. 

രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യനാകും ഇത് ഓടിക്കുന്നത്. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4x4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്.  രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടാകും.

പമ്പയിൽനിന്ന് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് ഐസിയു ആംബുലൻസും ഉണ്ട്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പെടെ അത്യാധുനിക സംവിധാനമുള്ള ആംബുലൻസും എത്തിച്ചിട്ടുണ്ട്.

തീർഥാടക ബസിനു നേരെ  കല്ലേറ്: പ്രതികൾക്കായി അന്വേഷണം ഊർജിതം
റാന്നി ∙ അത്തിക്കയം വാഴക്കാലാമുക്കിനു സമീപം ശബരിമല തീർഥാടകരുടെ ബസിന്റെ ചില്ല് എറിഞ്ഞു തകർ‌ത്തവരെക്കുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. 

മുക്കട–ഇടമൺ–അത്തിക്കയം പാതയിലൂടെ നിലയ്ക്കലിനു പോയ ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു നേരെയാണ് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കു ശേഷം കല്ലേറുണ്ടായത്. ബൈക്കിലെത്തിയ 2 പേരിൽ പിന്നിലിരുന്നയാളാണ് കല്ലെറിഞ്ഞത്. ബസിന്റെ മുന്നിലെ ചില്ല് പൂർണമായി തകർന്നിരുന്നു. രാത്രി 10 മണിയോടെ തീർഥാടകരെ അതേ ബസിൽ നിലയ്ക്കലിന് അയച്ചിരുന്നു. 

ജില്ലാ പൊലീസ് മേധാവി വി.അജിത്, റാന്നി ഡിവൈഎസ്പി ആർ‌.ബിനു എന്നിവർ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പെരുനാട് ഇൻസ്പെക്ടർ യു.രാജീവ്കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സംഭവം നടന്ന സ്ഥലത്തിനു സമീപവും വനവും ഒട്ടേറെ ചെറു റോഡുകളുമുണ്ട്. ഇത്തരം ഭാഗങ്ങളിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT