ADVERTISEMENT

മലയാലപ്പുഴ ∙ പ്രവർത്തനം ആരംഭിക്കാത്ത ജലപദ്ധതിക്ക് അര ലക്ഷത്തിന്റെ വൈദ്യുതി ബിൽ. പഞ്ചായത്തിലെ ചാങ്ങോലിക്കൽ – കരിമ്പാറമല കുടിവെള്ള പദ്ധതിക്കു വേണ്ടി ഈ പണം ഉടൻ അടയ്ക്കണമെന്നു കാട്ടി പഞ്ചായത്ത് സെക്രട്ടറിക്കു കത്ത് ലഭിച്ചത്. 2017 – 18 സാമ്പത്തിക വർഷം കോന്നി ബ്ലോക്ക് പഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച പദ്ധതി നാളിതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

2020 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള മീറ്റർ റീഡിങ്ങിന്റെ ബിൽ തുകയും 4225 രൂപയുടെ മുൻബാക്കിയും ചേർത്താണ് 48406 രൂപ അടയ്ക്കേണ്ടത്. ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും ഇത്രയും മീറ്റർ റീഡിങ് വന്നത് എർത്ത് ലീക്കേജാകാം കാരണമെന്നും കത്തിൽ പറയുന്നുണ്ട്. ഗുണഭോക്തൃസമിതി രൂപീകരിച്ച് ആ സമിതിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങളും വരവ് ചെലവുകളും കൈകാര്യം ചെയ്യേണ്ടത്. തട്ടിക്കൂട്ട് സമിതി രൂപീകരണം മാത്രമാണ് നിർമാണ സമയത്ത് നടന്നതെന്നും അതിനു ശേഷം സമിതി പ്രവർത്തിച്ചില്ല എന്നുമാണ് പ്രദേശവാസികളിൽ ചിലർ ആരോപിക്കുന്നത്.

18 ലക്ഷം രൂപ ചെലവഴിച്ച് മുണ്ടക്കൽ – പൊതീപ്പാട് റോഡിൽ ചാങ്ങോലിക്കൽ പടി ഭാഗത്തുള്ള കുളത്തിൽ നിന്നു വെള്ളം ശേഖരിച്ച് വിതരണം ചെയ്യുക എന്നതായിരുന്നു പദ്ധതി. അതിനായി കുളത്തിന്റെ ആഴം കൂട്ടി വൃത്തിയാക്കി ഇലയും മറ്റും വീഴാതിരിക്കാൻ നെറ്റ് സ്ഥാപിക്കുകയും സമീപം മുറി നിർമിച്ച് അവിടെ മോട്ടർ സ്ഥാപിക്കുകയും ചെയ്തു.തുടർന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്താൻ വേണ്ടി കരിമ്പാറമല ഭാഗത്ത് രണ്ട് ടാങ്കുകളും സ്ഥാപിച്ചു.

'' ഒരു കുടുംബത്തിനു പോലും കുടിവെള്ളം നൽകാൻ കഴിയാത്ത ഈ കുടിവെള്ള പദ്ധതിക്കു വേണ്ടി ഇത്രയും പണം വൈദ്യുതി ചാർജ് ഇനത്തിൽ ചെലവിടാൻ തയാറല്ല. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കും. ജൽ ജീവൻ പദ്ധതിയിൽ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുമ്പോൾ ഈ പദ്ധതിക്ക് ഇനി ആർക്കും താൽപര്യം ഇല്ല എന്നതാണ് യാഥാർഥ്യം.''

പദ്ധതിയുടെ ട്രയൽ റണ്ണും നടത്തിയെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവരാരും തയാറായില്ല. കുറെ ഭാഗത്ത് പൈപ്പ് ഇട്ടെങ്കിലും വീടുകൾക്ക് കണക്‌ഷൻ നൽകാനും ശ്രമിച്ചില്ലെന്നാണു ആരോപണം. കുളത്തിനേക്കാൾ ഉയരത്തിലുള്ള മുണ്ടക്കൽ – പൊതീപ്പാട് റോഡിൽ ഓട ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ചെളിവെള്ളവും മറ്റു മാലിന്യങ്ങളും കുളത്തിലേക്കാണു ഒഴുകി വീഴുന്നത്. ഇതു തടയാനുള്ള സംവിധാനം ക്രമീകരിക്കാതെ കുടിവെള്ള വിതരണം നടത്താൻ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT