മോഷ്ടാക്കളെ പിടികൂടാൻ ഡ്രോൺ പരിശോധനയുമായി പൊലീസും വനപാലകരും
Mail This Article
ശബരിമല ∙ വനമേഖലയിൽ തമ്പടിച്ചു തീർഥാടകരുടെ പണവും ബാഗും അപഹരിക്കുന്ന മോഷ്ടാക്കളെ പിടികൂടാൻ പൊലീസും വനപാലകരും ചേർന്ന് നീലിമല, അപ്പാച്ചിമേട്,ശരംകുത്തി എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി വി.അജിത്, പമ്പ പൊലീസ് സ്പെഷൽ ഓഫിസർ വി.യു.കുര്യാക്കോസ് എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. പമ്പ പൊലീസ് അസി. സ്പെഷൽ ഓഫിസർ ഷാഹുൽ ഹമീദ്, എസ്എച്ച്ഒ മഹേഷ് കുമാർ, എസ്ഐ ബി.എസ്.ആദർശ്, ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ അനിൽ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉൾക്കാട്ടിൽ പരിശോധന നടത്തി.
അയ്യപ്പന്മാരുടെ ബാഗുകൾ അപഹരിക്കുന്ന സംഘം മുൻവർഷങ്ങളിൽ ഉൾവനത്തിൽ തമ്പടിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. മോഷ്ടാക്കൾക്കു പുറമേ അനധികൃത കച്ചവടക്കാർ, യാചകർ എന്നിവരും പൊലീസിനു തലവേദനയാണ്. ഇവരെ എല്ലാം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ അനധികൃത കച്ചവടം ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.