കലുങ്ക് തകർന്നു, ഞൊടിയിടയിൽ റോഡിനു മധ്യത്തിൽ കുഴി; എങ്ങനെ നീക്കുമെന്ന് ആശങ്ക
Mail This Article
തിരുവല്ല ∙ മല്ലപ്പള്ളി റോഡിൽ ദീപ ജംക്‌ഷനിലെ കലുങ്ക് തകർന്നു. റോഡിന്റെ മധ്യഭാഗത്ത് അടിയിൽ മണ്ണ് ഇരുത്തി വലിയ ഗർത്തമായി മാറി. റോഡിന്റെ ഇരുവശത്തും കലുങ്ക് വൃത്തിയാക്കാനായി 6 മാസം മുൻപു പൊളിച്ചിട്ടത് അതേ നിലയിൽ തന്നെയാണ് ഇപ്പോഴും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചു. തിരുവല്ല-മല്ലപ്പള്ളി റോഡിന്റെ തുടക്കഭാഗത്തുള്ള കലുങ്കിന് 40 വർഷത്തോളം പഴക്കമുണ്ട്.
കലുങ്ക് പൊളിച്ചു നിർമിക്കുന്നതിന് 25 ലക്ഷം രൂപയുടെ പ്രവൃത്തി കരാർ നൽകിയെങ്കിലും ഇതുവരെ പണികൾ ഒന്നും തുടങ്ങിയിട്ടില്ല. റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പ്രധാന പൈപ്പുലൈനുകളും ബിഎസ്എൻഎല്ലിന്റെ ശബരിമലയിലേക്കുള്ള വാർത്താവിനിമയ ലൈനുകളും കിടക്കുന്നതിനാൽ ഇവയൊക്കെ മാറ്റിയശേഷമേ കലുങ്കിന്റെ പണി തുടങ്ങാൻ കഴിയുകയുള്ളു.
മഴക്കാലത്തു വെള്ളം കലുങ്കിന്റെ അടിയിൽ കൂടി ഒഴുകിപോകാതെ റോഡിലും സമീപത്തെ കടകളിലും കയറിയതോടെ 5 മാസം മുൻപ് പൊതുമരാമത്ത്, നഗരസഭ, ഫയർ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ കലുങ്കിന്റെ ഇരുവശവും പൊളിച്ച് വെള്ളം പമ്പു ചെയ്ത് തടസ്സങ്ങൾ നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്നു പൊളിച്ച ഭാഗങ്ങൾ അതേ പോലെ കിടക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കലുങ്കുള്ള ഭാഗത്ത് റോഡിന്റെ മധ്യത്തിൽ ഗർത്തവും രൂപപ്പെട്ടത്.
തിരുവല്ല - മല്ലപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിന് 89 കോടി രൂപ അനുവദിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്ഥലമെടുപ്പിന്റെ കാലതാമസം കാരണം തുടങ്ങിയിട്ടില്ല. കിഫ്ബി പണം അനുവദിച്ചു റിക്കിന്റെ (ആർഐസികെ) മേൽനോട്ടത്തിൽ നടക്കേണ്ട ജോലികളിൽ ഉൾപ്പെടുന്നതാണു കലുങ്കിന്റെ പുനർനിർമാണം. റോഡിലെ അപകടകരമായ ഭാഗം ഇന്നലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.ശുഭ, അസി. എൻജിനീയർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
കേബിളും പൈപ്പും, എങ്ങനെ മാറ്റും?
മല്ലപ്പള്ളി റോഡിൽ ദീപ ജംക്‌ഷനിലെ കലുങ്ക് പൊളിച്ചുപണിയുന്നത് ദുഷ്കരമായ ദൗത്യമാണ്. ബിഎസ്എൻഎല്ലിന്റെ റാന്നി വഴി ശബരിമലയിലേക്കുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ റോഡിനടിയിലൂടെയാണു പോകുന്നത്. തീർഥാടന കാലം തുടങ്ങിയതോടെ ഇത് ഇടനെ മാറ്റിയിടുക സാധ്യമല്ല. ജല അതോറിറ്റിയുടെ കുറ്റപ്പുഴയിലേക്കുള്ള 300 എംഎം ജലവിതരണ പൈപ്പും കൊമ്പാടി സംഭരണിയിലേക്കുള്ള 250 എംഎം പമ്പിങ് ലൈനും കലുങ്കിനടിയിലാണ്. ഇതു രണ്ടും മാറ്റിസ്ഥാപിച്ചാലേ കലുങ്ക് പുനർനിർമാണം നടക്കൂ.