സന്നിധാനത്തെ ഹൈഡ്രോളിക് മേൽക്കൂര വേണമെന്നും വേണ്ടെന്നും തീർഥാടകരുടെ അഭിപ്രായം

Mail This Article
ശബരിമല ∙ പതിനെട്ടാംപടിക്കു മുൻപിൽ ഇരുവശത്തുമുള്ള കരിങ്കൽതൂണും മറയും വേണമായിരുന്നോ? കൊടിമരം മറയ്ക്കുന്ന നിർമാണം ശബരിമല ക്ഷേത്രത്തിലെ കാഴ്ചഭംഗി ഇല്ലാതാക്കിയതായി ഒരുകൂട്ടർ. പണിയും, ഏതാനും ദിവസം കഴിയുമ്പോൾ പൊളിച്ചു കളയും... ഇതല്ലേ ഇവിടെ നടക്കുന്നതെന്നു പറയുന്നവർ വേറെ. മഴയുള്ളപ്പോൾ പടിപൂജ നടക്കണ്ടേ. അതിനു ടാർപോളിൻ വലിച്ചുകെട്ടുന്നതാണോ മനോഹരമായ മേൽക്കൂരയാണോ വേണ്ടത് എന്നു ചോദിക്കുന്ന മറ്റൊരു കൂട്ടർ. എന്തായാലും പതിനെട്ടാംപടിയുടെ മേൽക്കൂരയ്ക്കായി കരിങ്കല്ലിൽ നിർമിച്ച തൂണും കരിങ്കൽഭിത്തിയും അതുണ്ടാക്കുന്ന തടസ്സവും തീർഥാടകരുടെ ഇടയിൽ പ്രധാന ചർച്ചയാണ്.
ഹൈദരാബാദ് ആസ്ഥാനമായ വിശ്വസമുദ്ര കൺസ്ട്രക്‌ഷൻ കമ്പനി 70 ലക്ഷം രൂപ മുടക്കി വഴിപാടായാണ് ഇതു നിർമിച്ചുനൽകുന്നത്. കൽതൂണുകൾ, കല്ലുകൊണ്ടുള്ള ബീം, അതിൽ താങ്ങി നിൽക്കുന്ന കല്ലിൽ കടഞ്ഞെടുത്ത ചിത്രപ്പണിയോടുകൂടിയ ഭിത്തി എന്നിവയാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചത്. ചെന്നൈ ആസ്ഥാനമായ കാപിറ്റൽ എൻജിനീയറിങ് കൺസൽറ്റൻസിയാണ് ഇതിനുള്ള രൂപരേഖ തയാറാക്കിയത്.
ദേവസ്വം ബോർഡ് അംഗീകരിച്ച പ്ലാനിലാണ് പണി ചെയ്യുന്നത്. ഇതിന്റെ മേൽനോട്ടം ദേവസ്വം ചീഫ് എൻജിനീയർ അജിത് കുമാറാണ്. ഇരുവശത്തേക്കും മടക്കാവുന്ന വിധത്തിലുള്ള ഹൈഡ്രോളിക് മേൽക്കൂരയാണ്. ഇതിനുള്ള ഗ്ലാസും ഫ്രെയിമും എത്തി. അതുകൂടി സ്ഥാപിച്ചു കഴിയുമ്പോൾ മനോഹരമായിരിക്കുമെന്നും ദേവസ്വം കോഓർഡിനേറ്റർ കെ.റെജികുമാർ പറഞ്ഞു. നേരത്തെ ഗ്ലാസ് ഫ്രെയിം ഉള്ള മേൽക്കൂര ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ കാഴ്ച മറയ്ക്കുമെന്നു പറഞ്ഞ് പൊളിച്ചുകളഞ്ഞു. അതേ സ്ഥാനത്താണ് ഇപ്പോൾ പുതിയ രൂപത്തിൽ ഹൈഡ്രോളിക് മേൽക്കൂര പണിയുന്നത്.