ADVERTISEMENT

റാന്നി ∙ ശബരിമല തീർഥാടനം തുടങ്ങി 5 ദിവസം പിന്നിട്ടിട്ടും സ്പെഷൽ പൊലീസിനെ നിയോഗിച്ചിട്ടില്ല. തീർഥാടകത്തിരക്കിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു ജനം. ഇട്ടിയപ്പാറ ടൗണിലെ കാഴ്ചയാണിത്. ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വൺവേ നടപ്പാക്കിയിട്ടുണ്ട്. ഇതു കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസിനും മോട്ടർ വാഹന വകുപ്പിനും കഴിയുന്നില്ല. ഇതിനു പുറമേ കാവുങ്കൽപടി ജംക്‌ഷൻ മുതൽ കണ്ടനാട്ടുപടി വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ് യാത്രക്കാർക്കു വിനയാകുന്നത്. 

ട്രാഫിക് നിയമങ്ങൾ പാലിക്കാതെ രണ്ടു നിരകളായി നിരന്നുനീങ്ങുകയാണ് വാഹനങ്ങൾ. എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ പറ്റാതാകുന്നതോടെ ഗതാഗതം സ്തംഭിക്കും. ഇന്നലെ രാവിലെ പത്തരയ്ക്കുശേഷം ഒരു മണിക്കൂറോളം ഇതേ സ്ഥിതി നേരിട്ടിരുന്നു.

കണ്ടനാട്ടുപടി പ്രശ്നം
3 റോഡുകൾ സന്ധിക്കുന്ന കണ്ടനാട്ടുപടിയിൽ ഗതാഗതക്കുരുക്കു നിയന്ത്രിക്കാൻ ആരുമില്ല. തലങ്ങും വിലങ്ങും വാഹനങ്ങൾ എത്തുമ്പോൾ തുടരെ ഗതാഗതം തടസ്സപ്പെടും. ഇത് കാവുങ്കൽപടി ബൈപ്പാസിലേക്കും മാമുക്ക്, പിജെടി ജംക്‌ഷൻ ഭാഗങ്ങളിലേക്കും നീളും. മുൻപ് കാവുങ്കൽപടി ബൈപാസിൽ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതായിരുന്നു കുഴപ്പം. അതു പരിഹരിച്ചപ്പോൾ മറ്റിടങ്ങളിലേക്കും കുരുക്ക് നീണ്ടു.

ഹോം ഗാർഡ്
മുൻപ് തീർഥാടന കാലത്ത് ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പെഷൽ പൊലീസിനെ സേവനത്തിനു നിയോഗിച്ചിരുന്നു. ഈ മാസം 15ന് മുൻപ് അവരെ നിയമിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. 600 രൂപ വേതനത്തിൽ നിയമിക്കാനാണ് ഉത്തരവ്. എന്നാൽ ഇന്നലെയും സേവനത്തിനാരും എത്തിയിട്ടില്ല. തീർഥാടനം ആരംഭിച്ചപ്പോൾതന്നെ ഇത്തവണ തീർഥാടകരുടെ ഒഴുക്കു തുടങ്ങിയിട്ടുണ്ട്. അവരുടെ യാത്ര സുരക്ഷിതമാക്കാൻ സ്പെഷൽ പൊലീസിനെ അടിയന്തരമായി നിയമിക്കണം. ഇട്ടിയപ്പാറ ടൗണിൽ മാത്രമല്ല ചെത്തോങ്കര, പ്ലാച്ചേരി, ബ്ലോക്കുപടി, മാമുക്ക്, പെരുമ്പുഴ ഭാഗങ്ങളിലും അവരുടെ സേവനം ആവശ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT