വൃശ്ചികനിറവിൽ ശരണ മന്ത്രമുഖരിതം പുതുമല
Mail This Article
കൊടുമൺ ∙ വൃശ്ചിക പിറന്നതോടെ ശരണമന്ത്രങ്ങളാൽ മുഖരിതമാവുകയാണ് പുതുമല പരബ്രഹ്മ ക്ഷേത്രം. ഏഴംകുളം–കൈപ്പട്ടൂർ റോഡരികിൽ ഏഴംകുളം ദേവീക്ഷേത്രത്തിന് നിന്ന് ഒരു കിലോമീറ്റർ വടക്കുമാറി പുതുമല ജംക്‌ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ഡലകാല വ്രതാനുഷ്ഠാനം ആരംഭിച്ചതോടെ ക്ഷേത്രത്തിന്റെ പുണ്യം സമീപപ്രദേശങ്ങളിൽ നിറയുകയാണ്. മേൽമൂടിയില്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. വൃശ്ചികം ഒന്നു മുതൽ 41 ദിവസവും ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം പ്രസാദവിതരണം ക്ഷേത്രത്തിൽ നടന്നു വരുന്നു. ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രാദേശിക കുടുംബങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളും ഈ ഉത്സവത്തിൽ പങ്കാളികളായി മാറുന്നു.
ക്ഷേത്ര മാഹാത്മ്യം
വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം വനമായിരുന്നു. ആ സമയം ഇവിടെ നിന്ന് കൊടുമണ്ണിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പോകുന്ന യാത്രക്കാർ ഇവിടുത്തെ വിഗ്രഹത്തിന്റെ മുന്നിൽ കാട്ടുചെടികൾ (തോല്) ഒടിച്ചിട്ടിട്ട് പോവുകയും തിരികെ എത്തുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായില്ല എന്ന് അറിയിക്കുവാൻ ഈ തോല് അവിടെ നിന്ന് മാറ്റുന്ന പതിവും ഉണ്ടായിരുന്നു. കാലക്രമേണ ഈ ദേശത്തിന് തോലിടാൻ മുക്കെന്നും ദേവന് ഉടയോൻ ദേവനെന്നും പേര് വന്നു ചേർന്നു. തൃശൂലവും അതിൽ ഉടുക്കും നാഗങ്ങളും അടങ്ങുന്ന 4 അടിയോളം നീളമുള്ള വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.
അന്നദാനം മഹാദാനം
ദേവന്റെ ഇഷ്ടവഴിപാടാണ് അന്നദാനം. ദിവസവും ഉച്ചയ്ക്ക് വിപുലമായ കഞ്ഞിയും പറയും അല്ലെങ്കിലും കഞ്ഞിയും കറിയും വൈകിട്ട് അവൽ നിവേദ്യവും അല്ലെങ്കിൽ അരിപ്പായസവും വിതരണം ചെയ്യുന്നു. മകര വിളക്കാണ് ഇവിടെ പ്രധാന ഉത്സവമായി കൊണ്ടാടുന്നത്. അന്നേ ദിവസവും രാവിലെ സൂര്യനാരായണ പൊങ്കാലയും ഭാഗവത പാരായണവും സമൂഹസദ്യയും വൈകിട്ട് വിപുലമായ പ്രസാദവിതരണവും നടക്കും. ഉത്സവം പ്രദേശവാസികളുടെ കൂട്ടായ്മയിലാണ് നടക്കുന്നത്.
ഭാരവാഹികൾ
വെള്ളൂർ വിക്രമൻ പ്രസിഡന്റായും ബിജു പ്രണവം സെക്രട്ടറിയായും 31 പേരടങ്ങുന്ന കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ഇത്തവണ മകരവിളക്ക് ഉത്സവ ദിവസം പൊങ്കാല, സമൂഹസദ്യ, ഗാനമേള എന്നിവ നടക്കും.