പരാതികളില്ലാതെ സേവനം; സംതൃപ്തിയോടെ മടക്കം
Mail This Article
ശബരിമല∙ പരാതികൾ ഇല്ലാതെ ആദ്യഘട്ട സേവനം പൂർത്തിയാക്കി പൊലീസ് സംഘം ഇന്ന് മലയിറങ്ങും. പുതിയ സംഘം ഇന്നു പുലർച്ചെ എത്തും. സന്നിധാനത്തിൽ മാത്രം 7 ഡിവൈഎസ്പി, 24 സിഐ, 90 എസ്ഐ, 750 പൊലീസ് എന്നിവരാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇവർക്കു പകരം അത്രയും പേരാണ് ഇന്നു മലകയറുന്നത്. സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എം.കെ.ഗോപാലകൃഷ്ണനു മാറ്റമില്ല. 30 വരെ അദ്ദേഹം തുടരും.
ആദ്യഘട്ട സേവനം പൂർത്തിയാക്കിയതിന്റെ സന്തോഷമായി പൊലീസുകാർക്ക് ഇന്നലെ ഉച്ചയ്ക്കു വിഭവ സമൃദ്ധമായ സദ്യ നൽകി. തീർഥാടകർക്കു ബുദ്ധിമുട്ടും പരാതിയും ഇല്ലാത്ത വിധത്തിൽ സൗഹൃദപരമായി എങ്ങനെ ഡ്യൂട്ടി നോക്കണമെന്നു പുതിയതായി എത്തുന്ന പൊലീസ് സംഘത്തിന് എസ്പി എം.കെ.ഗോപാലകൃഷ്ണൻ ഇന്ന് രാവിലെ 9ന് വിശദീകരിക്കും. സന്നിധാനം വലിയ നടപ്പന്തലിലാണു ചടങ്ങ്.
ആദ്യസംഘം ബോംബ് സ്ക്വാഡും മലയിറങ്ങി
ആദ്യഘട്ട സേവനം പൂർത്തിയാക്കി ബോംബ് സ്ക്വാഡ് മലയിറങ്ങി. 127 പേരാണ് ബോംബ് സ്ക്വാഡിൽ ഉള്ളത്. ഡിവൈഎസ്പി എൻ. ബിശ്വാസ്, കോഴിക്കോട് റേഞ്ച് ബിഡിഡിഎസ് എസ്ഐ ജയപ്രകാശ്, തൃശൂർ റേഞ്ച് എസ്ഐ മഹിപാൽ പി.ദാമോദരൻ എന്നിവരാണ് 127 അംഗ സംഘത്തെ നയിക്കുന്നത്.