ശബരിമല തീർഥാടക വിശ്രമ കേന്ദ്രത്തിലേക്ക് പുതിയ വഴി
Mail This Article
വടശേരിക്കര ∙ ശബരിമല തീർഥാടക വിശ്രമകേന്ദ്രത്തിലേക്ക് പുതിയ വഴി തുറക്കുന്നു. വിശ്രമ കേന്ദ്രത്തിന്റെ താഴെ തട്ടിൽ വരെ വാഹനങ്ങളെത്തിക്കാനാകുന്ന റോഡിന്റെ നിർമാണമാണു നടക്കുന്നത്. ടൂറിസം വകുപ്പിന്റെ ചുമതലയിൽ ശബരിമല തീർഥാടകർക്കായി വർഷങ്ങൾക്കു മുൻപു വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിനു മുന്നിൽ വിശ്രമകേന്ദ്രം നിർമിച്ചെങ്കിലും താഴെ തട്ടിൽ എത്താവുന്ന വഴി നിർമിച്ചിരുന്നില്ല. പടിക്കെട്ടുകൾ മാത്രമായിരുന്നു ആശ്രമം. സ്ഥലത്തിനു കോട്ടം തട്ടാതെ 3 തട്ടുകളായിട്ടാണ് വിശ്രമകേന്ദ്രം പണിതിരിക്കുന്നത്. പുറമേ കണ്ടാൽ ഇതു 3 നിലയാണെന്നു തോന്നും. ഏറ്റവും താഴത്തെ നില കല്ലാറിന്റെ തീരത്താണു പണിതിരിക്കുന്നത്. ഇവിടെ മുറികളാണുള്ളത്.
വിശ്രമ കേന്ദ്രത്തിലെത്തിയിരുന്നവർ ചെറുകാവ് അമ്പലംപടി–ഒളികല്ല് റോഡിന്റെ വശത്താണു വാഹനങ്ങൾ പാർക്കിങ് നടത്തിയിരുന്നത്. വിശ്രമ കേന്ദ്രത്തോടു ചേർന്നു താഴേക്കു പണിയുന്ന റോഡ് പൂർത്തിയായാൽ വാഹനങ്ങൾ താഴെയെത്തിക്കാം. തകർന്നു കിടന്ന കേന്ദ്രത്തിന്റെ ഉൾവശം അടുത്തിടെ നവീകരിച്ചിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലാണു കേന്ദ്രത്തിന്റെ പ്രവർത്തനം.