അറ്റകുറ്റപ്പണി നടത്താതെ മരമുകളിലെ മുളങ്കുടിലുകൾ മങ്ങി, സാധ്യതകൾ
Mail This Article
തണ്ണിത്തോട് ∙ സീസൺ എത്തിയിട്ടും അടവിയിലെ മുളങ്കുടിലുകൾക്ക് (ട്രീ ടോപ് ബാംബു ഹട്ട്) അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നില്ല. വനംവകുപ്പിന്റെ കോന്നി വന വികാസ ഏജൻസിയുടെ കീഴിലുള്ള തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുളങ്കുടിലുകളാണ് 2 വർഷം കഴിഞ്ഞും അറ്റകുറ്റപ്പണി നടത്താത്തത്.അടവി പദ്ധതിയുടെ പ്രധാന കേന്ദ്രമായ പേരുവാലി വനത്തിൽ കല്ലാറിന്റെ തീരത്തായി നിർമിച്ച 5 മുളങ്കുടിലുകളും ഡൈനിങ് ഹാളും 7 വർഷം മുൻപാണ് സഞ്ചാരികൾക്ക് തങ്ങാനായി തുറന്നുകൊടുത്തത്.
തുടക്കത്തിൽ മിക്ക ദിവസങ്ങളിലും മുളങ്കുടിലുകൾ ബുക്കിങ് ഉണ്ടായിരുന്നു. ഇതുവഴി മികച്ച വരുമാനം നേടിയിരുന്നു. പിന്നീട് യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ല. 2 വർഷം മുൻപ് ചുഴലിക്കാറ്റിൽ മരം വീണ് മുളങ്കുടിലുകൾക്ക് നാശം നേരിട്ടെങ്കിലും ഇതിൽ 3 മുളങ്കുടിലുകൾ മാത്രമാണ് പിന്നീട് നവീകരിച്ചത്.ബാക്കിയുള്ള 2 മുളങ്കുടിലുകളും ഡൈനിങ് ഹാളും ഇനിയും നവീകരിക്കാനായിട്ടില്ല.ഒരു മുളങ്കുടിലിൽ പരമാവധി 4 പേർക്ക് താമസിക്കുന്നതിന് ഭക്ഷണം ഉൾപ്പെടുത്താതെ ഒരു ദിവസത്തേക്ക് 3000 രൂപയാണ് ഈടാക്കുന്നത്.
ഈ വർഷം ആദ്യം ഓൺലൈൻ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ അത് നിർത്തി. ഇതോടെ ഫോണിൽ വിളിച്ച് ബുക്ക് ചെയ്യുന്നവർ ഏതെങ്കിലും കാരണവശാൽ എത്താതെ വന്നാൽ മറ്റു ആവശ്യക്കാരുണ്ടെങ്കിലും കൊടുക്കാനാകാതെ വരികയും അതുവഴി വരുമാനം നഷ്ടമാകുകയും ചെയ്യുന്നു. മുളങ്കുടിലുകൾ ഉൾപ്പെടുന്ന പ്രദേശത്തിന് ചുറ്റും സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനമില്ലാതായിട്ട് ഏറെക്കാലമായി.
കോന്നി
തണ്ണിത്തോട് റോഡിലെ പേരുവാലിയിൽ നിന്ന് ഇവിടേക്കുള്ള പാതയ്ക്കരികിലൂടെ കേബിൾ വഴിയാണ് മുളങ്കുടിലുകളിലേക്ക് വൈദ്യുതി എത്തുന്നത്. എന്നാൽ സമീപ മേഖലയിൽ കൂപ്പിൽ നിന്ന് തടി ലോഡുമായി ലോറികൾ ഈ പാതയിലൂടെ പോയപ്പോൾ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരുന്ന കേബിൾ പൊട്ടി വൈദ്യുതി തകരാറായി. ഇതേ തുടർന്ന് മാസങ്ങൾക്ക് മുൻപ് കേബിൾ പുറത്തെടുത്ത് പൊട്ടിയ വയറുകൾ കൂട്ടി യോജിപ്പിച്ച് തകരാർ പരിഹരിച്ചെങ്കിലും പിന്നീട് ഭൂമിയ്ക്കടിയിൽ സ്ഥാപിച്ചില്ല.
കൂട്ടി യോജിപ്പിച്ച വയറുകളിൽ നിന്ന് വൈദ്യുതാഘാതമേൽക്കാൻ സാധ്യതയേറെയാണ്.ബാക്കിയുള്ള 2മുളങ്കുടിലുകളുടെ അറ്റകുറ്റപ്പണി തീർക്കാത്തതും ഓൺലൈൻ ബുക്കിങ് നിലച്ചതും കാരണം ഏറെക്കാലമായി വരുമാനം കുറവാണ്. ഇതു കാരണം ജീവനക്കാരുടെ തൊഴിൽ ദിനങ്ങൾ പകുതിയായി കുറച്ചിരിക്കുന്നു. സെക്യുരിറ്റി, റൂം ബോയി, ക്ലീനിങ് സ്റ്റാഫ്, രാത്രി കാവൽക്കാർ എന്നിവരുൾപ്പെടെ 8 പേരാണ് ഇവിടെ ജോലി നോക്കുന്നത്.മുളങ്കുടിലുകൾ നവീകരിക്കുകയും അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്താൽ സീസൺ കാലത്ത് മികച്ച വരുമാനം നേടാനാകും.