വൈഗയുടെ അഭിനയം സദസ്സിനെ കണ്ണീരിലാഴ്ത്തി
Mail This Article
നാടക വേദിയിൽ കൊച്ചു മകളുടെ പ്രകടനം കണ്ട് എ.കെ. വാസുവും ശാന്തമ്മയും കരഞ്ഞുപോയി. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ വൈഗ സുനിലിന്റെ മികച്ച പ്രകടനം കാണികളുടെ കണ്ണിനെ ഈറനണിയിച്ചു. സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ കൊച്ചുചക്കരച്ചി എന്ന നാടകമാണ് അരങ്ങേറിയത്. നാടകത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ കാരൂരിന്റെ കോഴിയും കിഴവിയും എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകമാണിത്.
അയൽപക്ക സൗഹൃദവും നാട്ടു നന്മയും നർമത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ച കോഴിയും കിഴവിയും കഥ മാറി വന്ന കർഷക ദുരിതത്തിന്റെ ഭീകരതകളും ബാല്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂട്ടി ചേർത്തതായിരുന്നു. കടം കയറി ആത്മഹത്യയുടെ വക്കിൽ നിന്ന കുടുംബത്തെ സ്വന്തം ഇച്ഛാശക്തികൊണ്ട് രക്ഷിക്കുന്ന കൊച്ചു എന്ന വിദ്യാർഥിനിയുടെ വിജയാഹ്ലാദത്തിൽ നാടകം അവസാനിക്കുന്നു. വിദ്യാർഥികളായ പ്രണവ് പി. നായർ, ആർ.കെ. അദ്വൈത് കുമാർ, ദേവി എം. വിനോദ്, ദേവദത്ത് പി. നായർ, അർലിൻ മരിയ ഷിബു, വൈഗ സുനിൽ, സിദ്ധാർഥ് എസ്. ജയ, അലക്സി മാത്യു തോമസ്, ആകാശ് ആർ. നായർ, ആവണി അജി എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.