ബ്രേക്ക് ചവിട്ടിയിട്ടും നിന്നില്ല, തീർഥാടകരുടെ ഇടയിലേക്ക് ട്രാക്ടർ; ഒഴിവായത് വൻ ദുരന്തം
Mail This Article
ശബരിമല ∙ തീർഥാടകരുടെ ഇടയിലേക്ക് ട്രാക്ടർ നിരങ്ങിയെത്തി, ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. സന്നിധാനത്ത് മഴ നനയാതിരിക്കാൻ വലിയ നടപ്പന്തലിൽ സ്റ്റേജിന്റെ ഭാഗത്തുനിന്നവരുടെ ഇടയിലേക്കാണ് അപ്രതീക്ഷിതമായി ട്രാക്ടർ നിരങ്ങിയെത്തിയത്. ഇന്നലെ വൈകിട്ട് 3.15നാണ് സംഭവം.
അമിത വേഗത്തിൽ വന്ന ട്രാക്ടർ വാവരുനടയുടെ ഭാഗത്തെ ഇറക്കത്തിലൂടെ നടപ്പന്തലിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. അവിടെ തീർഥാടകർ നിൽക്കുന്നതു കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിന്നില്ല. വണ്ടി നിരങ്ങി അവരുടെ ഇടയിലൂടെ നീങ്ങി. ഭയന്ന തീർഥാടകർ ഓടി മാറുകയായിരുന്നു. വിശുദ്ധി സേനാംഗം ശുചീകരണം നടത്തുന്നുണ്ടായിരുന്നു.
അദ്ദേഹത്തെ മറ്റ് സ്വാമിമാർ വലിച്ചു മാറ്റി. അതിനാൽ അപകടം ഒഴിവായി. പൊലീസ് എത്തി ട്രാക്ടറിന്റെ ചിത്രം പകർത്തി. തിരക്കിലും മഴയുള്ള സമയത്തും ട്രാക്ടർ വേഗം കുറച്ചു പോകണമെന്ന നിർദേശം ചില ഡ്രൈവർമാർ പാലിക്കുന്നില്ല. ട്രാക്ടറിനു സമയ നിയന്ത്രണം ഉള്ളതിനാൽ അതിനു മുൻപ് പമ്പയിൽ എത്താൻ അതിവേഗം പായുകയാണ്. ഇതാണ് വലിയ അപകടത്തിലേക്ക് വഴിവയ്ക്കുന്നത്.