മിന്നലിൽ തകർന്ന വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ച് നൽകി കെഎസ്ഇബി
Mail This Article
തെക്കേപ്പുറം ∙ മിന്നലിൽ വയറിങ്ങും മീറ്ററും കത്തിനശിച്ച വിധവയായ വീട്ടമ്മയ്ക്കു വയറിങ് നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെഎസ്ഇബി ജീവനക്കാർ. റാന്നി സൗത്ത് സെക്‌ഷൻ കെഎസ്ഇബി ജീവനക്കാരാണ് പാലച്ചുവട് തെക്കേപ്പുറം സാൽവേഷൻ ആർമി സഭയ്ക്കു സമീപം പുന്നമൂട്ടിൽ തടത്തിൽ കുഞ്ഞുമോളുടെ വീട്ടിൽ വൈദ്യുതി എത്തിച്ചത്. കനത്ത മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ കഴിഞ്ഞ മാസാദ്യമാണ് വയറിങ് കത്തി നശിച്ചത്.
ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷാണ് ഇത് കെഎസ്ഇബി ജിവനക്കാരെ അറിയിച്ചത്. ജീവനക്കാർ സ്വന്തം ചെലവിൽ വീട്ടിൽ വയറിങ് നടത്തുകയായിരുന്നു. വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് നിർവഹിച്ചു. അസിസ്റ്റന്റ് എൻജിനീയർ ജയപ്രകാശ്, സബ് എൻജിനീയർ ടി.ജെ.ബാബുരാജ്, വയറിങ് ചെയ്ത ലൈൻമാൻമാരായ സനീഷ് പി.തങ്കപ്പൻ, സന്തോഷ്കുമാർ, പി.ആർ.വിനോദ്, ടി.കെ.വിജയൻ എന്നിവർ പങ്കെടുത്തു.