ADVERTISEMENT

ചെറുകോൽപുഴ ∙ ആധ്യാത്മികതയുടെ മഹാപ്രവാഹത്തിനു പമ്പ മണപ്പുറം ഒരുങ്ങി. വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി സ്മാരകമായിട്ടാണ് ഇത്തവണത്തെ പരിഷത്ത് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. കൊല്ലം പന്മന ആശ്രമത്തിൽനിന്ന് 2ന് തുടങ്ങിയ ജ്യോതിപ്രയാണ ഘോഷയാത്ര, എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽ നിന്ന് ഇന്നലെ തുടങ്ങിയ ഛായാചിത്ര ഘോഷയാത്ര, ഇന്നു  രാവിലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്നു തുടങ്ങുന്ന പതാക ഘോഷയാത്ര എന്നിവ രാവിലെ 11 മണിയോടെ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും. 

വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരുന്ന ഘോഷയാത്രകൾ ഒന്നിച്ച് പരിഷത്ത് നടക്കുന്ന വിദ്യാധിരാജ നഗറിലെത്തിച്ചേരും. 11.20ന് ഭദ്രദീപം തെളിയിക്കൽ, ഛായാചിത്ര പ്രതിഷ്ഠ, പതാക ഉയർത്തൽ എന്നിവ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ നിർവഹിക്കും. 3.30ന് വിശിഷ്ടാതിഥികളെ സ്വീകരിക്കും. പരിഷത്ത് ഉദ്ഘാടകനായ ചിന്മയ മിഷൻ ഗ്ലോബൽ മേധാവി സ്വാമി സ്വരൂപാനന്ദ മഹാരാജിനെ പൂർണകുംഭം നൽകിയാണ് സ്വീകരിക്കുക. 4 ന് ഉദ്ഘാടന സഭ തുടങ്ങും. 

പമ്പ മണപ്പുറത്ത് പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തൽ പൂർത്തിയായി. അന്നദാനപ്പന്തൽ, സ്റ്റാളുകൾ എന്നിവയും തയാറായിട്ടുണ്ട്. പരിഷത്തിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നതിനുള്ള വിഭവ സമാഹരണം നടത്തി. ഭക്ഷണം തയാറാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇന്നലെ തുടങ്ങി. മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കാവുമുക്ക്–തോട്ടാവള്ളിൽ പടി റോഡിന്റെ അറ്റകുറ്റപ്പണി നടത്തി.

കോഴഞ്ചേരി റോഡ്, ചെറുകോൽപുഴ–തീയാടിക്കൽ റോഡ് എന്നിവിടങ്ങളിലെ കാടു തെളിക്കുകയും കുഴിയടയ്ക്കുകയും ചെയ്തു. ചെറുകോൽപുഴ – റാന്നി റോഡ് ശബരിമല പദ്ധതിയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ജല അതോറിറ്റി ശുദ്ധജലം ലഭ്യമാകുന്ന 5 കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇത്തവണ അനുവദിച്ച 10.4 ലക്ഷം രൂപയുടെ പ്രവൃത്തികളും പൂർത്തിയായി. അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ മേഖലയും സജ്ജമായിട്ടുണ്ട്.

പരിഷത്ത് നഗറിനു സമീപം അയിരൂർ പഞ്ചായത്ത് ഒന്നര വർഷം മുൻപ് നിർമിച്ച ടേക്ക് എ ബ്രേക്ക് ഇതാദ്യമായി തുറന്നുകൊടുത്തു. 13 ഹരിതകർമ സേനാംഗങ്ങളെ മണപ്പുറത്ത് മുഴുവൻ സമയത്തേക്കും നിയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ ഇടുന്നതിന് 5 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യം സ്ഥാപിച്ച 5 ബയോ ടോയ്‌ലറ്റുകൾക്കു പുറമേ 3 എണ്ണവും കൂടി സ്ഥാപിക്കും. ചെറുകോൽപുഴ ജംക്‌ഷനിലെ പൊക്കവിളക്ക് 6 മാസമായി തകരാറിലായിരുന്നതും ശരിയാക്കിയിട്ടുണ്ട്.

പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി തോമസിന്റെ നേതൃത്വത്തിൽ ചെറുകോൽപുഴയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ചെറുകോൽ കരയിൽ നിന്ന് മണപ്പുറത്തേക്ക് എത്തുന്നതിന് താൽക്കാലിക നടപ്പാലവും നിർമിച്ചിട്ടുണ്ട്. 

6നു സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 10ന് വനിതാ സമ്മേളനം ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണനും 11ന് സമാപനസഭ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസും ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ചിദാനന്ദപുരി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, ദേവി ജ്ഞാനാഭനിഷ്ഠ, കെ.പി.ശശികല, കാ.ഭാ.സുരേന്ദ്രൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ബാലവിജ്ഞാന സഭ, അയ്യപ്പഭക്ത സമ്മേളനം, പൂർവ സൈനിക സഭ, ജീവകാരുണ്യ ആയുരാരോഗ്യ സൗഖ്യം ചർച്ച എന്നിവയും നടക്കും.

പരിഷത്തിൽ ഇന്ന്
ഗണപതിഹോമം 5.00.
ശ്രീവിഘ്നേശ്വര സഹസ്രനാമജപം 
ഘോഷയാത്രകൾക്ക് സ്വീകരണം 11.00.
ഗീതാപാരായണം 11.30.
സോപാന സംഗീതം 2.30.
വിശിഷ്ടാതിഥികൾക്ക് സ്വീകരണം 3.45. 
ഉദ്ഘാടനസഭ 4.00.
ആരതി 6.20.
ഭജന 6.30.
പ്രഭാഷണം 7.30.

ഇത്തവണത്തെ പ്രത്യേകത ബാലവിജ്ഞാന സഭ
‘അറിവും തിരിച്ചറിവും’ എന്ന പേരിൽ ബാലവിജ്ഞാന സഭയാണ് ഇത്തവണത്തെ പരിഷത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം കുട്ടികൾക്ക് ശരിയായ ദിശാബോധം കൂടി നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ജീവിതത്തിൽ ശരിയും തെറ്റും തിരിച്ചറിയുവാനും ശരിയായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനും സഹായിക്കുന്നതാണ് സഭയെന്ന് സെക്രട്ടറി എ.ആർ.വിക്രമൻപിള്ള പറഞ്ഞു. 7 ന് 10.30 നു നടക്കുന്ന സഭ ഡോ.അനൂപ് വൈക്കം ആണ് പരിശീലനം നൽകുന്നത്.

ഛായാചിത്രം കൈമാറി
പെരുമ്പെട്ടി ∙ അയിരൂർ ചെറുകോൽപുഴ ഹിന്ദു മത പരിഷത്ത് വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീവിദ്യാധിരാജ സ്വാമികളുടെ ഛായാചിത്രം എഴുമറ്റൂർ പരമഭട്ടാരാശ്രമത്തിൽ വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, ഛായാചിത്ര ഘോഷയാത്ര ജനറൽ കൺവീനർമാരായ പ്രകാശ് ചരളേൽ, കെ.ജയവർമ എന്നിവർക്ക് കൈമാറി.

മിഡിൽ ഈസ്റ്റ് ഹിന്ദു അസോസിയേഷൻ പ്രസിഡന്റ് ഗോപാൽ.കെ.നായർ, എസ്എൻഡിപി യോഗം ഇൻസ്പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ, കെ.ഹരിദാസ്, എ.ആർ. വിക്രമൻപിള്ള, ഡി.രാജഗോപാൽ, അനിരാജ് ഐക്കര, ജി.ഉണ്ണിക്കൃഷ്ണൻ, അനിൽ പൈക്കര, ആർ.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഛായാചിത്ര ഘോഷയാത്ര ഒന്നാം ദിവസത്തെ പര്യടനം റാന്നി തോട്ടമൺ കാവിൽ സമാപിച്ചു. രണ്ടാം ദിവസത്തെ സ്വീകരണങ്ങൾ ഇന്ന് രാവിലെ 7.30 ആരംഭിച്ച് ഉച്ചയ്ക്ക് 11ന് ചെറുകോൽപുഴ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com