മഞ്ഞനിക്കര പെരുന്നാൾ ഇന്ന് കൊടിയേറും
Mail This Article
പത്തനംതിട്ട ∙ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ ഓർമപ്പെരുന്നാളിന് മഞ്ഞനിക്കരയിൽ ഇന്നു കൊടിയേറും. രാവിലെ 8ന് ഗീവർഗീസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്നു ദയറയിൽ പെരുന്നാൾ കൊടിയേറ്റ് നടക്കും.
ശേഷം, സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 6ന് ഓമല്ലൂർ കുരിശടിയിൽ ദയറാധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് പതാക ഉയർത്തും. 5 മുതൽ 8 വരെ ദിവസവും രാവിലെ 5ന് പ്രഭാത നമസ്കാരം, 7.30ന് കുർബാന, 12.30ന് ഉച്ചനമസ്കാരം, വൈകിട്ട് 5ന് സന്ധ്യാനമസ്കാരം എന്നിവ ഉണ്ടാകും. 5ന് വൈകിട്ട് 7ന് കൺവൻഷൻ ഉദ്ഘാടനം മാത്യൂസ് മാർ തേവോദോസിയോസ് നിർവഹിക്കും.
പ്രധാന പെരുന്നാൾ 9നും 10നുമാണ്. 9ന് രാവിലെ 7.30ന് യൂഹാനോൻ മാർ മിലിത്തിയോസ്, പൗലോസ് മാർ ഐറേനിയസ്, ഡോ.മാത്യൂസ് മാർ അന്തീമോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കാൽനട തീർഥാടകരെ ഉച്ചയ്ക്ക് 3 മുതൽ ഓമല്ലൂർ കുരിശിങ്കൽ നിന്നു സ്വീകരിച്ച് പരിശുദ്ധന്റെ കബറിങ്കലേക്ക് ആനയിക്കും.
വൈകിട്ട് 5ന് സന്ധ്യാ പ്രാർഥനയ്ക്കു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പാത്രിയർക്കീസ് ബാവാ അധ്യക്ഷനാകും. ജോസഫ് മാർ ഗ്രിഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.