ഇട്ടിയപ്പാറയിൽ ദുർഗന്ധം; ടൗണിലെത്തുന്നവർ മയങ്ങിവീഴാതിരുന്നാൽ ഭാഗ്യം

Mail This Article
ഇട്ടിയപ്പാറ ∙ ടൗണിലെത്തുന്നവർ ദുർഗന്ധം ശ്വസിച്ച് മയങ്ങിവീഴാതിരുന്നാൽ ഭാഗ്യം. ബസ് സ്റ്റാൻഡിനോടു ചേർന്ന കൈത്തോട്ടിൽ മലിനജലവും മാലിന്യവും കെട്ടിക്കിടന്ന് ചീഞ്ഞു നാറുന്നതാണ് യാത്രക്കാർക്കു വിനയാകുന്നത്.പൂവത്തുംകുന്നിൽ നിന്ന് ഉദ്ഭവിച്ച് മൂഴിക്കൽ ജംക്‌ഷനിലെത്തി പുനലൂർ–മൂവാറ്റുപുഴ പാതയുടെയും ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന്റെയും വശത്തു കൂടി വലിയതോട്ടിലെത്തുന്ന തോടാണിത്. പുനലൂർ–മൂവാറ്റുപുഴ പാതയുടെ വശത്ത് കോൺക്രീറ്റ് പൈപ്പിലൂടെയാണ് തോടു കടന്നു പോകുന്നത്. ഇതു പിന്നിടുന്ന ഭാഗത്തെത്തി നോക്കിയാൽ മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നതു കാണാം. ചീഞ്ഞ നാറ്റമാണു വെള്ളത്തിന്. തുടർന്ന് വലിയതോട്ടിൽ സംഗമിക്കുന്ന ഭാഗം വരെ ഇതേ കാഴ്ചയാണ്.
കൈത്തോടിനോടു ചേർന്ന് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഒട്ടേറെ ചെറുകിട ലോഡ്ജുകളുണ്ട്. മിക്കവരും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഇത്തരം ലോഡ്ജുകളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. മലിനജലവും മാലിന്യവും അവർ തോട്ടിലേക്കു തള്ളുന്നു. മഴക്കാലത്ത് വെള്ളത്തിലൂടെ അവയൊഴുകി വലിയതോട്ടിലും തുടർന്ന് പമ്പാനദിയിലുമെത്തും. എന്നാൽ വേനൽക്കാലത്ത് തോട്ടിൽ കെട്ടിക്കിടപ്പാണ്. ഇതാണു ദുർഗന്ധത്തിനിടയാക്കുന്നത്.കൈതോടിനോടു ചേർന്ന വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും മലിനജലവും ഇവിടേക്കാണ് ഒഴുക്കി വിടുന്നത്. ഇതു പരിശോധിച്ചു നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല. ആരോഗ്യ വകുപ്പ് അധികൃതരും തിരിഞ്ഞു നോക്കുന്നില്ല. പകർച്ചവ്യാധികൾ പിടിപെടാൻ ഇതിടയാക്കുമെന്നാണ് ആശങ്ക.