ഫാക്ടറിയിലെ മലിനജലം വീണ്ടും മാടത്തരുവി തോട്ടിലേക്ക്; മീനുകൾ ചത്തുപൊങ്ങി
Mail This Article
റാന്നി ∙ റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തിലെ ലാറ്റക്സ് ഫാക്ടറിയിൽ നിന്ന് മലിനജലം വീണ്ടും മാടത്തരുവി തോട്ടിലേക്ക് ഒഴുക്കി വിട്ടെന്നു പരാതി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്താനെത്തും മുൻപാണ് തോട്ടിലേക്കു വീണ്ടും വെള്ളം തുറന്നു വിട്ടതെന്ന് സമീപവാസികൾ പറയുന്നു. മീനുകൾ ചത്തുപൊങ്ങി. ഫാക്ടറിയിൽ നിന്ന് അമോണിയം കലർന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്.മാടത്തരുവി തോടിന്റെ സമീപം താമസിക്കുന്നവർ ഇതു ചൂണ്ടിക്കാട്ടി നാറാണംമൂഴി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളിൽ പരാതി നൽകിയിരുന്നു. പരാതിയിൽ നടപടിയെടുക്കാൻ നാറാണംമൂഴി പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച ബോർഡ് ഉദ്യോഗസ്ഥർ ഫാക്ടറിയിലെത്തി പരിശോധന നടത്തിയത്. അവരെത്തുന്നതിന് 2 ദിവസം മുൻപാണ് സംഭരണിയിൽ കെട്ടിക്കിടന്ന മലിനജലം മണ്ണുമാന്തി ഉപയോഗിച്ച് ചാലുകീറി തോട്ടിലേക്ക് ഒഴുക്കിയതെന്നാണു പരാതി. മലിനജല സംസ്കരണത്തിനുള്ള പണികൾ ഫാക്ടറിയിൽ നടക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സമീപവാസികളോടു പറഞ്ഞു.