ആഴത്തിലൊരു തേങ്ങൽ!; കൺമുന്നിലൂടെ 3 മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ കരച്ചിലടക്കാനായില്ല...
Mail This Article
റാന്നി ∙ കൺമുന്നിലൂടെ 3 മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ കരച്ചിലടക്കാനായില്ല മിക്കവർക്കും. ഞെട്ടലിൽ നിന്ന് മുക്തമാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഇപ്പോഴും നാട്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് നടുക്കുന്ന വാർത്തയെത്തിയത്. ഒരു കുടുംബത്തിലെ 3 അംഗങ്ങൾ ഒഴുക്കിൽപെട്ടെന്ന വാർത്ത നിമിഷങ്ങൾക്കകമാണ് പരന്നത്. സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ ഒഴുകിയപ്പോൾ മുണ്ടപ്പുഴ ചന്തക്കടവിലേക്കു ജനപ്രവാഹമായി. സ്ത്രീകളും കുട്ടികളുമായിരുന്നു ഏറെ. ഗൗതം പഠിക്കുന്ന റാന്നി എംഎസ് സ്കൂളിലെ അധ്യാപകരും സഹപാഠികളും എത്തി. മന്ത്രി റോഷി അഗസ്റ്റിൻ, പ്രമോദ് നാരായൺ എംഎൽഎ തുടങ്ങിയവരും സംഭവസ്ഥലത്തെത്തി.
റാന്നിയിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തിയെങ്കിലും ആഴമുള്ള കയത്തിൽ ഇറങ്ങി തിരയാൻ അവർക്കു പരിമിതികളുണ്ടായിരുന്നു. റബർഡിങ്കി ഇറക്കാനും കഴിഞ്ഞില്ല. പത്തനംതിട്ടയിൽ നിന്നുള്ള സ്കൂബാ സംഘമെത്തിയ ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. അവരെ സഹായിക്കാൻ നാട്ടുകാരായ രാജീവ്, രാജേഷ്, ഗിരീഷ് എന്നിവർ ഒപ്പം കൂടി. വൈകിട്ട് 5 മണിയോടെ ഗൗതമിന്റെ മൃതദേഹമാണ് ആദ്യം കരയ്ക്കെടുത്തത്. അഞ്ചരയോടെ അനിൽകുമാറിന്റെ മൃതദേഹം കണ്ടെത്തി. 6 മണിയോടെയാണ് അമ്മുവിന്റെ മൃതദേഹം കണ്ടെടുത്തത്.
3 മൃതദേഹങ്ങളും റാന്നി താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ആശുപത്രിയിലും ജനം തടിച്ചുകൂടിയിരുന്നു. കളിചിരികളോടെ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമെത്തിയ അഞ്ചംഗ സംഘത്തിലെ അനിതയും സീനമോളും മനസ്സു തകർന്ന് കടവിലിരുന്ന കാഴ്ച എല്ലാവർക്കും നൊമ്പരമായി. അവരെ ബന്ധുക്കളെത്തിവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കടവിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു അവരുടെ വസ്ത്രങ്ങൾ.