തോടല്ല, അഞ്ച് കിലോമീറ്റർ നീളുന്ന ദുരിതച്ചാൽ
Mail This Article
ചാത്തങ്കരി∙മന്ത്ര– തോമാടി തോടിന്റെ ഇരു കരകളിലും താമസിക്കുന്നവർ ദുരിതത്തിൽ. ചാത്തങ്കരി മുതൽ മുട്ടാർ വരെ 5 കിലോമീറ്റർ നീളമുണ്ട് തോടിന്.തോട് നീരൊഴുക്ക് നിലച്ച്, പായലും പോളയും പുല്ലും കൊണ്ട് നിറഞ്ഞിരിക്കുന്നു. പായലും പോളയും ഇല്ലാത്ത ഇടങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. കൊല്ലത്ത് കുഴി പ്രദേശത്ത് ഉള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൊതുകും പാമ്പിന്റെ ശല്യവും കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തോടിന്റെ കരയിൽ താമസിക്കുന്ന പാട്ടത്തിൽക്കുന്നേൽ ബിനു വർഗീസ് പറഞ്ഞു.
ഇവിടെ താമസിക്കുന്നവർക്ക് പനിയും ത്വക്ക് രോഗങ്ങളും ഒഴിഞ്ഞ സമയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതം കാരണംപലരും ഇവിടം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയതായി നാട്ടുകാരനായ സണ്ണി പറഞ്ഞു. മലിന ജലത്തിന്റെ ഉറവ കിണറുകളിലേക്ക് ഇറങ്ങി കിണർ വെളളം മലിനമാണ് എന്ന് അദ്ദേഹം പറഞ്ഞു. തോടിന്റെ ഇരുവശത്തും ഉള്ള കരിങ്കൽ കെട്ടും പലയിടത്തും ഇടിഞ്ഞ നിലയിലാണ്.തോട്ടിൽ നിറഞ്ഞിരിക്കുന്ന പുല്ലും പോളയും മാലിന്യങ്ങളും നീക്കി ആഴം കുട്ടി നീരൊഴുക്ക് ഉള്ള നിലയിലേക്ക് തോടിനെ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.