വെള്ളത്തിനായി നെട്ടോട്ടം! ചുട്ടുപൊള്ളുന്ന വെയിലിൽ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി
Mail This Article
ചൂരക്കോട് ∙ ചുട്ടുപൊള്ളുന്ന വെയിലിൽ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി. ഈ സമയത്ത് വെള്ളം കിട്ടേണ്ട ജല അതോറിറ്റിയുടെ പൈപ്പുകളിൽകൂടി ലഭിക്കുന്നത് കാറ്റു മാത്രം. ഇതു ചൂരക്കോട്, ചാത്തന്നൂപ്പുഴ പ്രദേശങ്ങളിലെ അവസ്ഥയാണ്. ജലവിതരണ പദ്ധതിയുടെ പൈപ്പുകളിൽ കൂടി വെള്ളമെത്തിയിട്ട് 4 മാസത്തോളമായി. ഇതു കാരണം വെള്ളം തേടിയുള്ള ഓട്ടത്തിലാണ് ഇപ്പോൾ പ്രദേശവാസികൾ. ഇതിൽ വട്ടത്തിനാംവിള അങ്കണവാടയിലെ ജീവനക്കാരും ഉൾപ്പെടുന്നു.
ജല അതോറിറ്റിയുടെ ചൂരക്കോട് കന്നിമലയിലുള്ള ജലസംഭരണിയിൽ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിക്കൊണ്ടിരുന്നത്. പൈപ്പുകൾ ചൂരക്കോട് ഭാഗത്ത് പൊട്ടിക്കിടക്കുന്നതു കാരണമാണ് ഈ ജല സംഭരണിയിൽ നിന്നുള്ള ജല വിതരണം തടസ്സപ്പെടുന്നത്. ഇതു കൂടാതെ ചൂരക്കോട് പ്രദേശങ്ങളിലെ പൈപ്പുകളിലേക്ക് വെള്ളം കടത്തിവിടുന്ന വാൽവ് അടച്ചു വയ്ക്കുന്നതിനാലും വെള്ളമെത്താത്ത സ്ഥിതി ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ഈ വിവരങ്ങൾ ജല അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല.
ജല വിതരണം മുടങ്ങിയതോടെ പൈപ്പിലെ വെള്ളത്തെ ആശ്രയിക്കുന്ന കാര്യം കഷ്ടത്തിലായിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായിട്ടു പോലും ജലവിതരണം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ തയാറാകുന്നില്ല. ജലക്ഷാമം രൂക്ഷമായതോടെ കാർഷിക വിളകൾ ഉണങ്ങിപ്പോക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. പച്ചക്കറിക്കൃഷിക്കാണ് കൂടുതൽ നാശം നേരിട്ടിരിക്കുന്നത്. വാഴകളും പിണ്ടി ഉണങ്ങി ഒടിഞ്ഞു വീഴുകയാണ്. അത്രയ്ക്കു രൂക്ഷമാണ് ഇവിടത്തെ സ്ഥിതി. അതിനാൽ അടിയന്തരമായി വെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകണം.