ടിപ്പറുകളിൽ നിന്ന് കരിങ്കല്ല് തെറിക്കുന്നത് പതിവ്; പേടിച്ച് വാഹനയാത്രക്കാർ

Mail This Article
അതിരുങ്കൽ∙കാരയ്ക്കാക്കുഴി റോഡിൽ ടിപ്പർലോറികളിൽ നിന്നു കരിങ്കല്ലുകൾ റോഡിലേക്കു തെറിച്ചു വീഴുന്നു. പാറമടയിൽ നിന്ന് അമിതമായി ഭാരം കയറ്റിയും അമിത വേഗത്തിലും പോകുന്ന ടിപ്പർലോറികളിൽ നിന്നാണു കരിങ്കല്ലുകൾ തെറിച്ചു വീഴുന്നത്. സ്കൂൾ കുട്ടികൾക്കടക്കം വഴിയാത്രക്കാർക്കും പിന്നാലെ വരുന്ന ഇരുചക്രവാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ഇതു ഭീഷണിയായിട്ടുണ്ട്. വലിയ അപകടമാകും ഇതുമൂലമുണ്ടാകുക. ലോറികളിൽ പലപ്പോഴും ലോഡ് കൃത്യമായി മൂടുന്നതിലും അലംഭാവം കാട്ടുന്നുവെന്നും പരാതിയുണ്ട്.
വലിയ കരിങ്കല്ലുകൾ ശക്തിയായി റോഡിലേക്കു വീഴുന്നത് ഉന്നത നിലവാരത്തിൽ ചെയ്ത ടാറിങ്ങിന്റെ നിലനിൽപിനും ഭീഷണിയാകും. ഇന്നലെ രാവിലെ കാരയ്ക്കാക്കുഴി റോഡിൽ കൊച്ചുപുരപ്പടി കഴിഞ്ഞുള്ള വളവിലാണു മധ്യഭാഗത്തായി കരിങ്കല്ല് തെറിച്ചു വീണത്. പ്രഭാത നടത്തക്കാർ ഉള്ള സമയത്താണു സംഭവം. നാട്ടുകാർ കൂടൽ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. പൊലീസ്, മോട്ടർവാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.