ADVERTISEMENT

പത്തനംതിട്ട∙ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകുന്നതിൽ പന്തളം നഗരസഭയോടു പക്ഷപാതം കാട്ടിയെന്നാരോപിച്ച് അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ആസൂത്രണ സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനെ ഉപരോധിച്ചു. പദ്ധതിക്ക് അനുമതി വൈകുന്നത് തദ്ദേശഭരണ വകുപ്പു ജോയിന്റ് ഡയറക്ടറുടെ ഇടപെടൽ മൂലമാണെന്നും ഇന്നു 10ന് തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫിസ് ഉപരോധിക്കുമെന്നു നഗരസഭാ കൗൺസിലർമാരും ബിജെപി നേതാക്കളും പറഞ്ഞു.

ഇന്നലെ 3ന് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആസൂത്രണ സമിതി യോഗത്തിനു പിന്നാലെയാണു സംഭവങ്ങളുടെ തുടക്കം മൂന്നു ദിവസങ്ങൾക്കു മുൻപു സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ അധ്യക്ഷ സുശീല സന്തോഷ് പ്രതിഷേധവുമായി ഡപ്യൂട്ടി പ്ലാനിങ് ഓഫിസർ ജി. ഉല്ലാസിന്റെ ഓഫിസിലെത്തി.

സ്ഥിരംസമിതി യോഗങ്ങൾ ചേരാതെയാണു നഗരസഭ പദ്ധതി തയാറാക്കിയതെന്നാരോപിച്ച് 5 യുഡിഎഫ് കൗൺസിലർമാർ കഴിഞ്ഞ 30നു ജോയിന്റ് ഡയറക്ടർക്കു നൽകിയ പരാതിയിൽ അന്വേഷണം നടത്താതെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. 

ഒരാഴ്ചയ്ക്കു മുൻപു ലഭിച്ച പരാതിയിൽ ഇതുവരെ അന്വേഷണം നടത്തുകയോ ഇക്കാര്യം നഗരസഭയെ അറിയിക്കുകയോ ചെയ്യാതിരുന്നത് പദ്ധതി അനുമതി വൈകിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണെന്ന് ആരോപിച്ച് സുശീല സന്തോഷ് പ്രതിഷേധിച്ചതിനിടെ പന്തളത്തുനിന്നു കൂടുതൽ കൗൺസിലർമാർ സ്ഥലത്തെത്തി. തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസ് ഉപരോധിച്ചത്.

തുടർന്നു നടത്തിയ ചർച്ചയിൽ അന്വേഷണം വേഗം പൂർത്തിയാക്കാമെന്നും അടുത്ത ആഴ്ച വീണ്ടും ചേരുന്ന ആസൂത്രണ സമിതിയിൽ പദ്ധതിക്ക് അംഗീകാരം നൽകുന്ന കാര്യം പരിഗണിക്കാമെന്നും ഓമല്ലൂർ ശങ്കരൻ പറഞ്ഞതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

31 വാർഷിക പദ്ധതികൾക്ക് അംഗീകാരം
ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 31 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി. 4 ബ്ലോക്ക് പഞ്ചായത്തുകൾ, 27 പഞ്ചായത്തുകൾ എന്നിവയുടെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. നടപ്പ് സാമ്പത്തിക വർഷത്തെ 22 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾ യോഗം അംഗീകരിച്ചു.

മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾ, 18 ഗ്രാമപഞ്ചായത്തുകൾ, പന്തളം നഗരസഭ എന്നിവയുടെ വാർഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. എഡിഎം സുരേഷ് ബാബു, ഡപ്യൂട്ടി പ്ലാനിങ് ഓഫിസർ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സുശീല സന്തോഷ് പന്തളം നഗരസഭാധ്യക്ഷ
ജില്ലയിലെ  നഗരസഭകളിൽ പന്തളം മാത്രമാണു വാർഷിക പദ്ധതി സമർപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയായതു കൊണ്ടു വികസനം മുടക്കാൻ ലക്ഷ്യമിട്ടു ചിലർ നടത്തുന്ന നീക്കങ്ങളാണു പദ്ധതി വൈകിക്കുന്നത്. 

ഓമല്ലൂർ ശങ്കരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
നടപടിക്രമങ്ങൾ പാലിക്കാതെയാണു നഗരസഭ പദ്ധതി തയാറാക്കിയതെന്നു കൗൺസിലർമാർ പരാതി നൽകിയിട്ടുണ്ട്. തദ്ദേശ ഭരണ വകുപ്പിന്റെ അന്വേഷണം പൂർത്തിയായതിനു ശേഷം മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പദ്ധതിക്ക് അംഗീകാരം നൽകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com