മഞ്ഞനിക്കര തീർഥാടനം: പദയാത്രാ സംഘങ്ങൾ ഇന്ന് ജില്ലയിൽ
Mail This Article
പത്തനംതിട്ട ∙ മഞ്ഞനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ പെരുന്നാളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള തീർഥാടന പദയാത്ര സംഘങ്ങൾ ഇന്ന് ജില്ലയിൽ പ്രവേശിക്കും. പ്രധാന പെരുന്നാൾ നാളെയും 10നും നടക്കും.
കണ്ണൂർ ജില്ലയിലെ കേളകം, വയനാട്ടിലെ മീനങ്ങാടി എന്നിവിടങ്ങളിൽനിന്നു പുറപ്പെട്ട വടക്കൻ മേഖലാ തീർഥയാത്രാ സംഘത്തോടൊപ്പം അങ്കമാലി, കോതമംഗലം, മണീട്, പിറവം, വടക്കൻ പറവൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രകളും ചേർന്നു. പദയാത്ര ഇന്നലെ കോട്ടയം ജില്ലയിൽ പര്യടനം നടത്തി.
ഇന്ന് പുലർച്ചെ തിരുവല്ല സിംഹാസനപ്പള്ളി, വള്ളംകുളം ക്നാനായ അതിഭദ്രാസനം എന്നിവിടങ്ങളിലെത്തി വൈകിട്ട് മാരാമൺ മണപ്പുറത്ത് എത്തും. ഹൈറേഞ്ച് മേഖലാ തീർഥാടക സംഘം ഇന്ന് വൈകിട്ട് 3.30ന്ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ എത്തും. റാന്നി സെന്റർ പദയാത്രാ സംഘം ഭാരവാഹികൾ സ്വീകരിച്ച് ആനയിക്കും.
മന്ദമരുതി സെന്റ് തോമസ് കുരിശുപള്ളിയിലെ സ്വീകരണം ഏറ്റുവാങ്ങി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിലേക്ക് ആനയിക്കും. രാത്രി അവിടെ വിശ്രമിക്കുന്ന സംഘം നാളെ രാവിലെ മഞ്ഞനിക്കരയിലേക്കു നീങ്ങും.
റാന്നി സെന്റർ പദയാത്രയും രാവിലെ 7ന് ഐത്തല പള്ളിയിൽ നിന്നു പുറപ്പെടും. തെക്കൻ മേഖലാ പദയാത്ര കുണ്ടറയിൽ നിന്നു പുറപ്പെട്ട് നാളെ ഉച്ചയോടെ മഞ്ഞനിക്കരയിൽ എത്തും. നാളെ രാവിലെ 7.30ന് യൂഹാനോൻ മാർ മിലിത്തിയോസ്, പൗലോസ് മാർ ഐറേനിയസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.
കാൽനട തീർഥാടക സംഘങ്ങളെ ഉച്ചയ്ക്ക് 3 മുതൽ ഓമല്ലൂർ കുരിശിങ്കൽ നിന്നു സ്വീകരിച്ച് പരിശുദ്ധന്റെ കബറിങ്കലേക്ക് ആനയിക്കും. വൈകിട്ട് 5ന് സന്ധ്യാ പ്രാർഥനയ്ക്കു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
അന്ത്യോക്യ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ബാവാ അധ്യക്ഷനായിരിക്കും. ജോസഫ് മാർ ഗ്രിഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും . സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സെന്റ് ഏലിയാസ് തൃതീയൻ ഗോൾഡ് മെഡൽ ഡോ തോമസ് മാർ തിമോത്തിയോസ്, തീർഥാടക സംഘത്തിനുള്ള അവാർഡുകൾ കുര്യാക്കോസ് മാർ ദിയസ്കോറസ്, തുമ്പമൺ ഭദ്രാസന അവാർഡുകൾ യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവർ വിതരണം ചെയ്യും .
10ന് പുലർച്ചെ 3ന് സ്തേഫാനോസ് കത്തീഡ്രലിൽ കുർബാന. ദയറ കത്തീഡ്രലിൽ 5.15ന് പ്രഭാത പ്രാർഥന. 5.45ന് മൂന്നിന്മേൽ കുർബാന, 8.30ന് പാത്രിയർക്കീസ് ബാവായുടെ കാർമികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും. 10.30ന് സമാപന റാസയും നേർച്ച വിളമ്പും.