ADVERTISEMENT

ആത്മീയതയുടെ തെളിനീർപ്രവാഹമായി രണ്ടു വചനനദികൾ ഒന്നിച്ചൊഴുകുകയാണ്, 75 വർഷമായി. തീരത്തെ വിശ്വാസമനസ്സുകൾ പ്രാർഥനയാൽ പുഷ്ടിപ്പെടുത്തി, സഭാമക്കളുടെ മനം വിളവിനായി പാകപ്പെടുത്തിയുള്ള ഒഴുക്ക്. മാർത്തോമ്മാശ്ലീഹായുടെ പൈതൃകം പേറുന്ന ഓർത്തഡോക്സ്, മാർത്തോമ്മാ സഭകളുടെ അധ്യക്ഷർക്ക് 75 വയസ്സിന്റെ നിറവ്. 

ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാക്ക് നാളെ 75 വയസ്സു പൂർത്തിയാകുന്നു. 19ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്കും 75 വയസ്സു പൂർത്തിയാകും. ഇൗ അപൂർവ വേളയിൽ തിരുവല്ല ബഥനി അരമനയിൽ ഇരുവരും കണ്ടുമുട്ടിയപ്പോൾ പിറന്നതു സ്നേഹത്തിന്റെ സുന്ദരചിത്രം.

കാതോലിക്കാ ബാവായെ ജ്യേഷ്ഠതുല്യനെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചപ്പോൾ, നിറഞ്ഞ ചിരിയോടെ കാതോലിക്കാ ബാവാ ചേർത്തുനിർത്തി. ഇരുവരും സഭാപരമായും സാമൂഹിക രാഷ്ട്രീയപരമായ നിലപാടുകൾ മനോരമയുമായി പങ്കുവച്ചപ്പോൾ...

ജീവിതം ഇതുവരെ ? 
കാതോലിക്കാ ബാവാ
: 75 വയസ്സു പിന്നിടുന്നെന്നത് നാഴികക്കല്ലായി തോന്നുന്നില്ല. ആയുസ്സിന്റെ ദൈർഘ്യം ദൈവത്തിനറിയാം. ദൈവകൃപയാൽ പുരുഷായുസ്സിന്റെ നല്ല ദൈർഘ്യം പൂർത്തിയാക്കി. ഓരോ ദിവസവും ദൈവം തരുന്ന ദാനമാണ്. 

മാർത്തോമ്മാ മെത്രാപ്പൊലീത്ത: ദൈവത്തിന്റെ വലിയ നടത്തിപ്പ് ഈ നാളുകളിലൊക്കെ അനുഭവിച്ചു. ദൈവവിളി നിയോഗമാണ്. ഇത്രയും കാലം ദൈവം അനുഗ്രഹകരമായി നടത്തി. ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നു. 

മണിപ്പുർ വിഷയം? 
കാതോലിക്കാബാവാ:
ബിജെപി നേതാക്കൾ പറയുന്നു, അത് ഗോത്രവർഗ പ്രശ്നമാണെന്ന്. സഭകൾക്ക് ചോദിക്കാനുള്ളത് ഇതാണ്, അങ്ങനെയെങ്കിൽ ആ ‘ഗോത്രവർഗ പ്രശ്നം’ പരിഹരിക്കുന്നതിനോ, പള്ളികൾ തകർക്കപ്പെടുന്നതും ജനം കൊല്ലപ്പെടുന്നതും തടയുന്നതിനോ ആയുള്ള നീക്കം ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പുരോഹിതരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നത് ബിജെപിയുടെ നയമല്ല എന്നു പറയുന്നുണ്ടെങ്കിലും അതു തടയാൻ കഴിയുന്നില്ല. അതിനെ അപലപിക്കുന്ന  പ്രസ്താവനപോലും ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളിൽ പാർട്ടിയുടെ നിശബ്ദമായ പിന്തുണയുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഭരണഘടന ന്യൂനപക്ഷങ്ങൾക്കു നൽകുന്ന പരിരക്ഷ ഉറപ്പാക്കണം. രാജ്യത്ത് പരോക്ഷ ഏകപക്ഷീയത ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മാർത്തോമ്മാ മെത്രാപ്പൊലീത്ത: ഗോത്രവർഗങ്ങളുടെ പ്രശ്നങ്ങൾ മണിപ്പുരിൽ ആദ്യമായി ഉണ്ടാകുന്നതല്ല. എന്നാൽ മുൻപ് അതു ക്യത്യമായി പരിഹരിക്കപ്പെടുമായിരുന്നു. ഇപ്പോൾ അതിനു കഴിയുന്നില്ല. പ്രധാനമന്ത്രി അവിടെ സന്ദർശിക്കാൻ പോലും തയാറായില്ല. രാജ്യത്തിനകത്ത് പ്രയാസമുണ്ടാകുമ്പോൾ നേതൃസ്ഥാനത്തിരിക്കുന്നവർ അതു പരിഹരിക്കാൻ ഇടപെടണം.

അവിടുത്തെ ജനങ്ങളെ സഭ ചേർത്തുനിർത്തുന്നു. അവിടെനിന്നുള്ള 30 കുട്ടികളെ മാർത്തോമ്മാ സഭ കേരളത്തിലേക്കു കൊണ്ടുവന്ന് താമസവും പഠനവും നൽകുന്നു. നല്ല അച്ചടക്കവും മൂല്യവുമുള്ള കുട്ടികളാണവർ. എല്ലാമേഖലകളിലും മിടുക്കരാണവർ. അവരെ കൃത്യമായി വളർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

വർധിക്കുന്ന കുടിയേറ്റം ? 
കാതോലിക്കാ ബാവാ
: യുവാക്കളുടെ വിദേശ കുടിയേറ്റം ആശങ്കപ്പെടേണ്ട കാര്യല്ല. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും തേടിയാണ് അവർ പോകുന്നത്. അതിൽ ദോഷമുണ്ടെന്നു തോന്നുന്നില്ല. അവർ പോകുന്ന സ്ഥലത്ത് എല്ലാം നമ്മുടെ ആളുകളുണ്ട്. ആദ്യ സമയത്തു സഭയുമായി ബന്ധമില്ലായിരിക്കാം. പക്ഷേ അവരെ അന്വേഷിച്ചു കണ്ടെത്തി ആരാധനയിൽ പങ്കെടുപ്പിക്കുന്നുണ്ട്. സഭയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെങ്കിലും പ്രോൽസാഹിപ്പിക്കേണ്ടതില്ല. അതേസമയം പോകുന്നവരെ തടയേണ്ടതുമില്ല.

ഓസ്ട്രേലിയയിലും കാനഡയിലും ഭദ്രാസനങ്ങൾ രൂപീകരിക്കാനുള്ള സഭയുടെ തീരുമാനം കുടിയേറ്റം കണക്കിലെടുത്താണ്. സഭയുടെയും രാജ്യത്തിന്റെയും സംസ്കാരം പ്രതിഫലിപ്പിക്കാനും പ്രചരിപ്പിക്കാനും അവർക്ക് കഴിയും. വൈരാഗ്യ മനോഭാവത്തോടെയല്ല ആരും കേരളമോ രാജ്യമോ വിടുന്നത്.

കേരളത്തിന്റെ സംസ്കാരവും തനിമയും അവർ നിലനിർത്തുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതു എഴുപതുകളിലെ  പ്രവാസം മൂലമാണെന്ന പോസിറ്റീവ് വശമുണ്ട്. ഇവിടെനിന്നു സാധ്യമാകാത്ത പലതും സാമ്പത്തികമായി സാധിക്കാൻ യുവാക്കൾക്കു കഴിയുന്നുണ്ട്. അവർ കൂടുതൽ ധൈര്യശാലികളായി.

മാർത്തോമ്മാ മെത്രാപ്പൊലീത്ത: യുവാക്കൾ കേരളം വിടുന്നെന്നു പറയുമ്പോൾ ഇവിടെയുണ്ടായ പ്രതിസന്ധി എന്താണെന്നു നാം മനസ്സിലാക്കണം. നമ്മൾ ഇവിടെ െചയ്യേണ്ട പലതും ചെയ്യാത്തതു കൊണ്ടാണ് അതു സംഭവിക്കുന്നത്. സർക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. വിദേശത്തേക്കു പോകുന്നവർ ജീവിതം മെച്ചപ്പെടുത്താൻ പോകുന്നവരാണ്.

അവരുടെ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്നതിൽ ദുഖിക്കേണ്ടതില്ല. സഭയ്ക്ക് ഇവരോട് ഉത്തരവാദിത്തം വേണം. സഭ അവരോടൊപ്പമുണ്ടെന്ന ബോധ്യം അവർക്കുണ്ടാകണം. പുറത്തു പോയിട്ടുള്ളവർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതു നല്ല കാര്യമാണ്. 

വീടുകളിൽ പ്രായമായവർ മാത്രമോ? 
കാതോലിക്കാ ബാവാ:
പ്രായമായവർക്കായി ഒട്ടേറെ സംരംഭങ്ങൾ സഭ നടപ്പാക്കുന്നുണ്ട്. പകൽവീടുകൾ വലിയ ആശ്വാസമാണ്. ഏകാന്തതയിൽ നിന്ന് മോചനമാണ് അത്തരം സംരംഭങ്ങൾ. വാർധക്യത്തെ കുറെ കൂടി അർഥപൂർണമായി ഉപയോഗിക്കാനുള്ള ശ്രമം ഉണ്ടാകണം. ‌

മാർത്തോമ്മാ മെത്രാപ്പൊലീത്ത: അവരുടെ ഇടയിലെ ശുശ്രൂഷയ്ക്കു സഭ കൂടുതൽ ശ്രദ്ധ നൽകണം. അവരെ ചേർത്തു പിടിക്കാൻ കഴിയണം. കുഞ്ഞുങ്ങളുടെ ഇടയിലുള്ള ശുശ്രൂഷ ശക്തിപ്പെടുത്തണം.

രാഷ്ട്രീയ നിലപാടുകൾ? 
കാതോലിക്കാ ബാവാ: ഓർത്തഡോക്സ് സഭ ഒരിക്കലും രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. എടുക്കുകയുമില്ല. വിശ്വാസികൾക്ക് അവരുടേതായ രാഷ്ട്രീയമുണ്ട്. അവർ പ്രബുദ്ധരാണ്. യുക്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യാനറിയാം. പ്രത്യേകിച്ച് നിർദേശം കൊടുക്കുന്നത് ഭിന്നതയുണ്ടാക്കും. ആളുകൾക്കറിയാം ആർക്കു വോട്ട് ചെയ്യണമെന്നത്. 

മാർത്തോമ്മാ മെത്രാപ്പൊലീത്ത: രാഷ്ട്രീയത്തിൽ മാർത്തോമ്മാ സഭ പക്ഷം പിടിക്കാറില്ല. ഭാരതത്തിൽ വളരെയധികം ആളുകൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. കേരളത്തിലെ സ്ഥിതിയല്ല മറ്റിടങ്ങളിൽ. തിരഞ്ഞെടുപ്പിലാണ് ഈ വ്യത്യാസം പ്രകടമാകുന്നത്. ഭരണകൂടം ദേശത്തിന്റെ അഭിവൃദ്ധിക്കായി വേണം എല്ലാം െചയ്യാൻ.

താഴെത്തട്ടിലുള്ളവർക്കു വികസനം സാധ്യമാകണം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. എല്ലാ മതങ്ങളും വിശ്വാസങ്ങളും ബഹുമാനിക്കപ്പെടണം. ജനനന്മ്ക്കായി പ്രവർത്തിക്കുന്ന സംവിധാനം ഉടലെടുക്കണം

വൈദികരുടെ രാഷ്ട്രീയ പ്രവേശം?
കാതോലിക്കാ ബാവാ
: വൈദികർക്ക് രാഷ്ട്രീയ നിലപാടാകാം; എന്നാൽ രാഷ്ട്രീയ പ്രചാരകരാകരുത്. പരസ്യ പ്രവർത്തനം പാടില്ല. വൈദികർ ഇടവകയുടെ പിതാവാണ്. എല്ലാവരുടെയും ആത്മീയ പിതാവായങ്കെിൽ മാത്രമേ ശുശ്രൂഷ നന്നായി നടത്താനാകൂ.

മാർത്തോമ്മാ മെത്രാപ്പൊലീത്ത: ബാവാ പറഞ്ഞതിൽ യോജിക്കുന്നു. പൂർണസമയ ശുശ്രൂഷകരാണ് വൈദികർ. ഒരുവിഭാഗത്തിന്റേത് മാത്രമാകരുത് അവർ. ക്രിസ്തുവിന്റെ ഉറപ്പിൽ എല്ലാവരെയും സ്നേഹിക്കണം. ഇരുവരും വിശ്വാസയാത്ര തുടരുകയാണ്. തിരക്കിനിടയിലും ആരോഗ്യം സംരക്ഷിക്കാൻ സ്വയം നിയന്ത്രണങ്ങൾ വച്ച് ജീവിതം ക്രമീകരിക്കുന്നു.

കിട്ടുന്നതെന്തും ആഗ്രഹിക്കുന്നതെന്തും കഴിക്കുന്നതല്ല, ആവശ്യത്തിനു കഴിക്കുന്നതാണ് ഇരുവരുടെയും ശീലം. വലിയ നോമ്പ് കടന്നുവരുമ്പോൾ എല്ലാവരോടും സ്നേഹത്തോടെ പെരുമാറി സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറാൻ വിശ്വാസികൾക്കു കഴിയട്ടെയെന്ന് ഇരുവരും ആഹ്വാനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com