ജിജീഷിന് ഇത് ജോലിയല്ല, ചരിത്ര നിയോഗം
Mail This Article
തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിക്കൂറ തയാറാക്കുന്നത് മതിൽ ഭാഗത്തെ ജിജീഷ് കുമാറിന് പാരമ്പര്യമായി കിട്ടിയതാണ്. പിതാവ് ചെയ്തു വന്നിരുന്ന കൊടിക്കൂറ നിർമാണം ഒരു ചരിത്ര ദൗത്യമായി ജിജീഷ് ഏറ്റെടുത്ത് ചെയ്ത് വരുന്നു. പിതാവു വിജയന്റെ മരണത്തെ തുടർന്നാണ് 2011 മുതൽ ജിജീഷ് ശ്രീവല്ലഭ ക്ഷേത്രത്തിൽ കൊടിക്കൂറ നിർമിച്ചു തുടങ്ങിയത്. മാസങ്ങൾ നീളുന്ന വ്രതശുദ്ധിയോടെയാണ് കൊടിക്കൂറ നിർമാണത്തിലേക്ക് ജിജീഷ് കടക്കുന്നത്.
ശ്രീവല്ലഭ ക്ഷേത്രം, തുകലശ്ശേരി മഹാദേവ ക്ഷേത്രം, ചടയമംഗലം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾക്ക് കൊടിക്കൂറ നിർമിച്ചു നൽകുന്നത് ജിജീഷ് ആണ്. തിരക്കിനിടയിൽ എംഫില്ലും ബിഎഡും നേടിയ ജിജീഷ് പൊതുപ്രവർത്തന രംഗത്തും സജീവമാണ്. തിരുവല്ല നഗരസഭയിൽ ശ്രീവല്ലഭ ക്ഷേത്രം വാർഡിലെ മുൻ കൗൺസിലറും കൂടിയാണ് ജിജീഷ്. വ്രതാനുഷ്ഠാനത്തോടെ ആരംഭിക്കുന്ന കൊടിക്കൂറ നിർമാണം ഒരാഴ്ചയിൽ കൂടുതൽ സമയം എടുത്താണ് പൂർത്തിയാക്കുന്നത്.
രണ്ടര മീറ്റർ നീളമുള്ള ശ്രീവല്ലഭ ക്ഷേത്ര കൊടിക്കൂറയിൽ, ശംഖ്,ചക്രം,ഗദ ,പദ്മം തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്. മുകൾ ഭാഗത്ത് മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനെയും കാണാൻ സാധിക്കും വിധം ആണ് കൊടിയുടെ രൂപകൽപന. ഭഗവത് ചൈതന്യം വിളയാടുന്ന കൊടിക്കൂറ നിർമിക്കാൻ കിട്ടുന്ന അവസരം ഭാഗ്യമായാണ് ജിജീഷ് കരുതുന്നത്. ബിരുദധാരിയായ സന്ധ്യ ഭാര്യയും, അവനീഷ്,ആദിശേഷ് എന്നിവർ മക്കളും ആണ്.