കുളത്തൂർമൂഴിയിൽ മണിമലയാറ്റിലെ പച്ചത്തുരുത്ത് വിസ്മൃതിയിലേക്ക്
Mail This Article
പെരുമ്പെട്ടി ∙ മണിമലയാറിന്റെ മധ്യത്തിൽ പ്രകൃതി സ്വയം ഒരുക്കിയ ജൈവക്കലവറയായ പച്ചത്തുരുത്ത് ഇടിഞ്ഞ് താഴ്ന്ന് വിസ്മൃതിയിലേക്ക്. കുളത്തൂർ മൂഴി പാലത്തിനു കിഴക്കും ചെന്നിക്കരപ്പടിക്കു സമീപവുമാണ് തുരുത്ത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വെളളപ്പൊക്കത്തിൽ മണിമലയാർ രണ്ടു കൈവഴിയായി പിരിഞ്ഞ് കരയിൽ ഒരു ഭാഗം ഏറ്റെടുക്കുകയായിരുന്നു. നാനാതരം നീർമരങ്ങളും വള്ളിപ്പടർപ്പുകളും സസ്യജാലങ്ങളും തിങ്ങി വളർന്ന് ജൈവക്കലവറയായി ക്രമേണ മാറി. ചുറ്റുമുള്ള വേരു പടർപ്പുകൾ മത്സ്യങ്ങളുടെയും മറ്റും വളർച്ചയ്ക്കു സഹായകമായി.
കുളത്തൂർമൂഴി കൺവൻഷൻ മണൽപ്പരപ്പിൽ നടന്നിരുന്ന കാലത്ത് ഈ തുരുത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. കടുത്ത വേനലിലും ഇന്നും വിദൂര ദൃശ്യത്തിൽ കാഴ്ചക്കാരുടെ മനംമയക്കാൻ കഴിയുന്നതാണ് നദിയുടെ മധ്യത്തിലെ ഈ തുണ്ടു പച്ചപ്പിന്. മണൽവാരലും അതുണ്ടാക്കിയ തിട്ട ഇടിച്ചിലുമാണ് തുരുത്തിന്റെ നാശത്തിന് ആദ്യകാരണങ്ങൾ. കഴിഞ്ഞ 2021 ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ ഒരേക്കറിൽ അധികമുണ്ടായിരുന്ന തുരുത്ത് പകുതിയായി. പിന്നീടെത്തിയ കാലവർഷങ്ങളിൽ തുരുത്ത് 30 സെറ്റിൽ താഴെയായി പരിണമിച്ചു.വിനോദസഞ്ചാരത്തിനുള്ള സാധ്യത പരിഗണിച്ച് പ്രകൃതി തുരുത്ത് സംരക്ഷിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നു.