ADVERTISEMENT

പത്തനംതിട്ട ∙ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശധാരണയായതോടെ  ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കാഹളം ജില്ലയിൽ ഉയരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി തോമസ് ഐസക്കിന് സാധ്യതയേറി. ഇനി  പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചാൽ മതി. പ്രചാരണ പ്രവർത്തനങ്ങൾ വൈകാതെ  ആരംഭിക്കും. കോൺഗ്രസിന്റെ സ്ഥാനാർഥി  പ്രഖ്യാപനവും വൈകാതെയുണ്ടാകും. ഹൈക്കമാൻഡ് സ്ഥാനാർഥി പട്ടിക പുറത്തു വിടുന്നതു കാത്തിരിക്കുകയാണ് നേതാക്കൾ.

ആന്റോ ആന്റണി സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരിക്കുന്നതിനാൽ പട്ടിക വരുന്നതിനു മുൻപു തന്നെ പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണു നേതൃത്വം. ഇനി ബിജെപി സ്ഥാനാർഥി ആരെന്നേ അറിയാനുള്ളു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്‌നി പ്രക്ഷോഭയാത്ര 24നാണ് ജില്ലയിൽ എത്തുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ന് തുടക്കമാകും. പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.  

അതേ സമയം എൻഡിഎ സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കൃത്യമായ ചിത്രം തെളിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരുമെന്ന് നേതാക്കൾ പറയുന്നു. കെ.സുരേന്ദ്രൻ, പി.സി.ജോർജ്, കുമ്മനം രാജശേഖരൻ എന്നീ പേരുകൾ പരിഗണനയിലുണ്ട്. കെ.സുരേന്ദ്രൻ മൽസരിക്കാനില്ലെന്ന സൂചനയാണു നൽകിയിട്ടുള്ളത്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥി പത്തനംതിട്ടയിൽ വേണമെന്ന അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചാൽ  ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയോ ഷോൺ ജോർജോ പരിഗണിക്കപ്പെടാം. സഭാ നേതൃത്വങ്ങൾ മണിപ്പുർ വിഷയം വിവിധ വേദികളിൽ ഉന്നയിക്കുന്നതിനാൽ അവർക്കു കൂടി സ്വീകാര്യനായ ഒരു സ്ഥാനാർഥി ജില്ലയിൽ വേണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകുമോയെന്ന ചോദ്യത്തിന് ദേശീയ നേതൃത്വമാണു സ്ഥാനാർഥിയെ തീരുമാനിക്കുകയെന്നും ഒന്നിലധികം പേരുകൾ നിർദേശിച്ചിട്ടുണ്ടെന്നും നേതാക്കൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com