നീരൊഴുക്ക്: ആശ്രയം ജലവൈദ്യുതി പദ്ധതികൾ; നീർത്തുള്ളിയായ് പമ്പ
Mail This Article
റാന്നി∙ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പമ്പാനദിയിൽ വേനൽക്കാലത്ത് നീരൊഴുക്ക് തീർത്തും കുറവ്. ജലവൈദ്യുതി പദ്ധതികളെ മാത്രം ആശ്രയിച്ചാണ് ആറ്റിൽ ഇപ്പോൾ നീരൊഴുക്ക്. ഡാമുകളിൽ വെള്ളമില്ലാതായാൽ ജലവിതരണ പദ്ധതികളുടെ പ്രവർത്തനവും സ്തംഭിക്കും. കക്കാട്, അള്ളുങ്കൽ, കാരികയം, മണിയാർ, പെരുനാട് എന്നീ ജലവൈദ്യുതി പദ്ധതികളിൽനിന്ന് ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് പമ്പാനദിയിൽ ഇപ്പോൾ നീരൊഴുക്ക് നിലനിർത്തുന്നത്.
അതും കക്കാട്ടാറ് പമ്പാനദിയുമായി സംഗമിക്കുന്ന പൂവത്തുംമൂടിനു താഴെ മാത്രവും. പാറയിടുക്കുകളിലെ നീർച്ചാലുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം മാത്രമാണ് പൂവത്തുംമൂടിനു മുകളിലുള്ളത്. ജലവൈദ്യുതി പദ്ധതികളിൽ സന്ധ്യയ്ക്കു ശേഷമാണ് ഉൽപാദനം. അതുകൊണ്ടു തന്നെ പമ്പാനദിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ജല വിതരണ പദ്ധതികളിൽ പമ്പിങ് കാര്യക്ഷമമായി നടക്കുന്നതും രാത്രിയിലാണ്. പകൽ മിക്ക ദിവസങ്ങളിലും നീരൊഴുക്കു കുറയുമ്പോൾ പമ്പിങ്ങിന്റെ സമയം കുറയും.
വെച്ചൂച്ചിറ, അങ്ങാടി എന്നീ ജല വിതരണ പദ്ധതികളിൽ പേരിനു മാത്രമാണ് ഇപ്പോൾ ജല വിതരണം. ഇതുമൂലം ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടുന്നില്ല. ജലക്ഷാമത്തിന്റെ അളവുകോൽ അറിയാൻ ഒരു മണിക്കൂർ നിരത്തുകളിൽ ഇറങ്ങി നടന്നാൽ മതി. സംഭരണി സ്ഥാപിച്ച വാഹനങ്ങൾ ശുദ്ധജലവുമായി തലങ്ങും വിലങ്ങും ഓടുന്നതു കാണാം. 2,000 ലീറ്റർ വെള്ളത്തിന് 800 രൂപ മുതൽ മുകളിലേക്കാണു വില. ദൂരക്കൂടുതലനുസരിച്ച് വിലയിലും മാറ്റം വരും. കിണറുകളും കുളങ്ങളും വാടകയ്ക്കെടുത്ത് വെള്ളം ശുദ്ധീകരിച്ച ശേഷം വിൽപന നടത്തുന്നവരുണ്ട്. വറ്റാത്ത കിണറുകളിൽനിന്ന് വെള്ളം വിലയ്ക്കു വാങ്ങിയും കച്ചവടമുണ്ട്.